കര്‍ണാടകയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ മലയാളി അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. രക്ഷാദൗത്യം ആറാം ദിവസത്തില്‍ പുരോഗമിക്കുമ്പോള്‍ മലയിടിഞ്ഞ് റോഡില്‍ വീണ മണ്ണ് ഭൂരിഭാഗവും നീക്കിക്കഴിഞ്ഞു. എന്നാല്‍ അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറി കണ്ടെത്താനായിട്ടില്ല. റോഡിലെ മണ്ണ് 98 ശതമാനവും നീക്കിക്കഴിഞ്ഞതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണഭൈര ഗൗഡ മാധ്യമങ്ങളോട് പ്രതികരിച്ചു.
റഡാര്‍ സൂചനകള്‍ ലഭിച്ച സ്ഥലത്ത് ഉള്‍പ്പെടെ പരിശോധിച്ചെങ്കിലും ട്രക്കിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താനായിട്ടില്ല. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് തൊട്ടടുത്ത പുഴയില്‍ രൂപം കൊണ്ട മണ്ണുമലയ്ക്കടില്‍ ട്രക്ക് കുടുങ്ങിക്കിടപ്പുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഷിരൂര്‍ ദുരന്തത്തില്‍ രക്ഷാ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള നടപടിയില്‍ കര്‍ണാടകയുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കാലതാമസം ഉണ്ടായി എന്ന ആരോപണം ശരിയല്ല. രക്ഷാപ്രവര്‍ത്തനത്തിന് മഴയുള്‍പ്പെടെ വെല്ലുവിളി സൃഷ്ടിച്ചെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അപകടത്തില്‍ ഇതുവരെ ഏഴു പേര്‍ മരിച്ചിട്ടുണ്ട്. കാണാതായ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെകൂടി ഇനി കണ്ടെത്താനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Be the first to comment