ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ അടക്കം മൂന്ന് പേർക്കായുള്ള തിരച്ചിൽ വീണ്ടും അനിശ്ചിതത്വത്തിൽ. പുഴയിലെ ഡൈവിങിന് ജില്ലാ ഭരണകൂടം നേവിക്ക് ഇതുവരെ അനുമതി നൽകിയിട്ടില്ല. നാവിക സംഘം ഇതുവരെ പുറപ്പെട്ടിട്ടുമില്ല. ഡൈവിങ്ങിന് അനുമതി നൽകിയാൽ മാത്രമേ സോണാർ പരിശോധന നടക്കൂ. ഗംഗാവലിയിൽ ചെറിയ ഇടവേളയ്ക്ക് ശേഷം അർജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് വീണ്ടും പുനരാരംഭിക്കുമെന്നായിരുന്നു വിവരം.
അർജുനെ ഉടൻ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ സഹോദരി അഞ്ജുവും ഭർത്താവ് ജിതിനും പങ്കുവെച്ചിരുന്നു. പുഴയിലെ കുത്തൊഴുക്ക് മൂന്ന് നോട്ടിലേക്ക് താഴ്ന്നിട്ടുണ്ടെന്നും ജലനിരപ്പിലും വലിയ കുറവുണ്ടെന്നുമാണ് അധികൃതർ തങ്ങളോട് പറഞ്ഞതെന്ന് ജിതിൻ പറഞ്ഞിരുന്നു. നാവിക സേന ഒമ്പത് മണിയോടെ എത്തുമെന്നും സോണാർ പരിശോധന നടത്തി സ്‌കൂബ ഡൈവിങ് നടത്തുമെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചത്.
ന്യൂനമർദ്ദ പാത്തി രൂപപെടുന്നതിന് മുന്നേയും പശ്ചിമ ഘട്ടത്തിൽ മഴ പെയ്തു തുടങ്ങുന്നതിന് മുന്നേയും പരിശോധന പൂർത്തിയാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്രെയ്നും സോണാർ ഉപകരണങ്ങളും മാത്രമുപ്രയോഗിച്ച് തിരച്ചിൽ നടത്തുന്നത് ശ്രമകരമാണെന്നും ഡ്രഡ്‌ജർ അടക്കമുള്ള നൂതന സംവിധാനങ്ങൾ കൊണ്ട് വന്ന് രക്ഷാപ്രവർത്തനം എളുപ്പമാക്കണെമെന്നുമാണ് അർജുന്റെ സഹോദരിയുടെ ആവശ്യം. സംഭവം നടന്നിട്ട് ഒരു മാസം കഴിയുമ്പോൾ തിരച്ചിൽ ഇനി എങ്ങനെയാവും എന്നതിൽ ആശങ്കയുണ്ടെന്നും അർജുന്റെ സഹോദരി പറഞ്ഞിരുന്നു.
ഗംഗാവലി പുഴയിലെ ഒഴുക്ക് കുറയുന്നതിന് അനുസരിച്ച് പുഴയില്‍ ഇറങ്ങി പരിശോധിക്കുമെന്നായിരുന്നു തിരച്ചില്‍ താത്കാലികമായി നിര്‍ത്തുന്ന ഘട്ടത്തില്‍ ജില്ലാ ഭരണകൂടം അറിയിച്ചിരുന്നത്. പുഴയിലെ ഒഴുക്കിന്റെ അളവ് എല്ലാ ദിവസവും പരിശോധിക്കുന്നുമുണ്ട്. രക്ഷാദൗത്യം തുടരുന്നതില്‍ പ്രതിസന്ധിയെന്നാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ കഴിഞ്ഞ ദിവസം യോഗത്തിന് മുമ്പ് പ്രതികരിച്ചത്. അര്‍ജുന്‍ ഉള്‍പ്പടെയുള്ളവര്‍ക്കായി ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി തിരച്ചില്‍ തുടരണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് എന്‍വി അന്‍ജാരിയ, ജസ്റ്റിസ് കെ വി ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു ഇടക്കാല ഉത്തരവ്.
പ്രതികൂല കാലാവസ്ഥ കാരണം ദൗത്യം താല്‍കാലികമായി നിര്‍ത്തിയെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തിരച്ചില്‍ ദൗത്യം വൈകാതെ പുനരാരംഭിക്കുമെന്നും കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെ അര്‍ജുനെ കണ്ടെത്താന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അര്‍ജുന്റെ കുടുംബത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രേഖാമൂലം ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
Be the first to comment