‘ബിജെപിയില്‍ ഭിന്നതയില്ല; പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രനെത്തും; കെ.സുരേന്ദ്രൻ

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ എത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയ്ക്ക് അകത്ത് ഒരുതരത്തിലുള്ള ഭിന്നതകളുമില്ല. ഓരോ ഘട്ടത്തിലും ഏതൊക്കെ നേതാക്കൾ എത്തണമെന്ന് പാർട്ടി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ  പറഞ്ഞു.

ശോഭാ സുരേന്ദ്രനെ ചുറ്റിപ്പറ്റി മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുന്നു. പാലക്കാട് ബിജെപിക്ക് മികച്ച സംഘടനാ സംവിധാനമുണ്ട്. പുറത്തുനിന്ന് ആരും വന്ന് തെരഞ്ഞെടുപ്പ് ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും കെ സുരേന്ദ്രൻ. ശോഭാ സുരേന്ദ്രൻ കൺവെൻഷന് എത്തുമോ എന്ന ചോദ്യത്തോടാണ് കെ സുരേന്ദ്രന്റെ പ്രതികരണം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ കൺവെൻഷനിലേക്ക് ശോഭാ സുരേന്ദ്രനെ എത്തിക്കാൻ ബിജെപി തീവ്രശ്രമമാണ് നടത്തുന്നത്. മുതിർന്ന നേതാക്കൾ ശോഭാ സുരേന്ദ്രനുമായി സംസാരിച്ചു. മണ്ഡലത്തിൽ ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം യുഡിഎഫ് ചർച്ചയാക്കിയിരുന്നു.

അതേസമയം ത്രികോണ മത്സരം നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പരമാവധി വോട്ടർമാരെ കാണാൻ നെട്ടോട്ടമോടി സ്ഥാനാർത്ഥികൾ.കഴിഞ്ഞ ദിവസം പള്ളിയിൽ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. രാവിലെ വിവിധ പള്ളികളിൽ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ ഉച്ചയ്ക്കുശേഷം മാത്തൂർ പഞ്ചായത്തിൽ ആയിരുന്നു പ്രചാരണം നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥി പി സരിൻ 5. 30ന് കൽപ്പാത്തിയിൽ ആരംഭിച്ച വോട്ട് ചോദിക്കൽ കാണിക്കമാതാ കോൺവെന്റിനു മുന്നിൽനിന്ന് ആരംഭിച്ച റോഡ് ഷോയിലൂടെയാണ് അവസാനിപ്പിച്ചത്. എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാർ ആകട്ടെ പള്ളികളിലും പാലക്കാട് സൗത്ത് ഏരിയയിലും വോട്ടഭ്യർത്ഥിച്ചെത്തി. വരും ദിവസങ്ങളിൽ സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിച്ച് ദേശീയ, സംസ്ഥാന നേതാക്കൾ പാലക്കാട്ടേക്ക് എത്തും.

Be the first to comment

Leave a Reply

Your email address will not be published.


*