ശോഭാ സുരേന്ദ്രന്റേത് ജനാധിപത്യ വിരുദ്ധമായ നടപടി, ബിജെപിയിൽ നിന്നും ഒറ്റപ്പെട്ടു;മന്ത്രി വി ശിവൻകുട്ടി

ശോഭാ സുരേന്ദ്രൻ നടത്തുന്ന വാർത്ത സമ്മേളനങ്ങളിൽ നിന്ന് ട്വന്റി ഫോറിനെ വിലക്കിയത് ജനാധിപത്യവിരുദ്ധമായ നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി. പല മാധ്യമങ്ങളും പല പാർട്ടികൾക്കെതിരെയും വാർത്തകൾ കൊടുക്കുന്നു അപ്പോഴൊന്നും മാധ്യമ വിലക്ക് ഉണ്ടായിട്ടില്ല. കുറെ നാളുകളായി ശോഭ ബിജെപിയിൽ ഒരു ചെറിയ ഗ്രൂപ്പിൻ്റെ മാത്രം പ്രതിനിധിയായി മാറി, അവർ തികച്ചും ഒറ്റപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് തന്നെ മാധ്യമ ശ്രദ്ധയും ജനങ്ങളുടെ ശ്രദ്ധയും പിടിച്ചുപറ്റാനുള്ള ശ്രമമാണിതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 

ജനങ്ങൾ അവരെ ഒരു നേതാവായി കാണുന്നില്ല. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും ജയിക്കാനാവാത്തയാളാണ് ശോഭ. ബിജെപിയുടെ ഒരു പ്രധാനപ്പെട്ട നേത്യത്വം പോലും അവർക്ക് കൊടുക്കാൻ നേതാക്കൾ തയ്യാറാകുന്നില്ല. പിന്നെ എന്ത് കണ്ടിട്ടാണ് ശോഭ ഇതൊക്കെ കാട്ടിക്കൂട്ടുന്നത്.ശോഭ പറയുന്ന ഓരോ കാര്യങ്ങൾ ബിജെപി പോലും അംഗീകരിക്കുന്നില്ല. സത്യവിരുദ്ധമായ കാര്യങ്ങളും വിവാദങ്ങൾ ഉണ്ടാകുന്നതുമായ പ്രസ്താവനകൾ മാത്രമാണ് അവർ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊടകര വെളിപ്പെടുത്തൽ നടത്തിയത് ബിജെപിക്കൊപ്പം നിന്ന ആളുകൾ തന്നെയാണ് അത് അവർക്ക് തള്ളിക്കളയാനാകില്ല.അതുകൊണ്ടാണ് സർക്കാർ പുനരന്വേഷണം നടത്താൻ പോകുന്നത്. ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് അന്വേഷണ സംഘവും കോടതിയുമാണ് മന്ത്രി പറഞ്ഞു.

അതേസമയം, കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷന്റെ വെളിപ്പെടുത്തൽ ട്വന്റി ഫോർ പുറത്തുവിട്ടതിൻററെ അടിസ്ഥാനത്തിലാണ് ശോഭ സുരേന്ദ്രൻ ചാനലിനെ വിലക്കിയത്. താൻ തിരൂർ സതീഷന്റെ വീട്ടിൽ പോയിട്ടില്ലെന്ന വാദവും ഇന്ന് പുറത്തുവിട്ട ചിത്രങ്ങളിൽ നിന്നും പൊളിഞ്ഞു. ശോഭയും സതീഷിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്. ഫോട്ടോ തന്റെ വീട്ടിൽ വച്ച് എടുത്തതെന്ന് സതീഷ് പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*