
കൊച്ചി: കൊച്ചിയിലെ ബാറിൽ വെടിവെയ്പ്പ്. കതൃക്കടവിലെ ഇടശ്ശേരി ബാറിലാണ് വെടിവെപ്പുണ്ടായത്. ബാർ ജീവനക്കാരായ സിജിൻ, അഖിൽ എന്നിവർക്കാണ് പരുക്കേറ്റത്. സിജിന്റെ വയറിലും അഖിലിന്റെ കാലിലുമാണ് പരുക്കുള്ളത്. ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഞായറാഴ്ച രാത്രി 11.30ഓടെ ബാർ ജീവനക്കാരും പുറത്തുനിന്ന് എത്തിയവരും തമ്മിൽ സംഘർഷമുണ്ടാവുകയായിരുന്നു.
നാലുപേരടങ്ങിയ സംഘം എയർ പിസ്റ്റളുപയോഗിച്ച് ബാർ ജീവനക്കാർക്കു നേരെ വെടിയുതിർക്കുകയായിരുന്നു. മദ്യം നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. ബാർ മാനേജരെ മർദിച്ച ശേഷമാണ് സംഘം ജീവനക്കാർക്കു നേരെ തിരിഞ്ഞത്.
പ്രതികൾ കാറിൽ കടന്നുകളഞ്ഞതായാണ് വിവരം. സംഭവത്തിൽ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
Be the first to comment