സര്‍ക്കാര്‍ സ്ഥലങ്ങളിൽ ഷൂട്ടിങ് നിരക്കുകള്‍ വര്‍ധിപ്പിച്ചു; ലൊക്കേഷനുകള്‍ കേരളത്തിന് പുറത്തേക്ക് മാറ്റുമെന്ന് നിര്‍മാതാക്കള്‍

Filed Photo

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വനമേഖലകളിൽ സിനിമ ചിത്രീകരിക്കാൻ ഇനി കൂടുതൽ പണം നൽകണം. ഒരു ദിവസത്തേക്ക് 31,000 രൂപയാണ് ഡെപ്പോസിറ്റായി നൽകേണ്ടിവരിക. നേരത്തെ ഇത് ​18,765 രൂപയായിരുന്നു. വൻ വർധനയാണ് ഇപ്പോൾ സർക്കാർ വരുത്തിയിരിക്കുന്നത്. മറ്റു സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും സിനിമാ ചിത്രീകരണത്തിന് നിരക്ക് വർധിപ്പിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ ​കീഴിലുളള അതിഥിമന്ദിരങ്ങൾ സിനിമാ ചിത്രീകരണത്തിന് ഉപയോ​ഗിക്കാൻ ദിവസേന 10,000 രൂപയായിരുന്നത് ഇപ്പോൾ 35000 രൂപയായി വർധിപ്പിച്ചെന്ന് നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നു. കേരളത്തിലെ ഒരു ജയിലിൽ സിനിമ ചിത്രീകരിക്കമെങ്കിൽ ഒരുലക്ഷം രൂപ കെട്ടിവയ്ക്കുകയും 45,000 രൂപ ജിഎസ്ടിയായി ഒരു ദിവസത്തേക്ക് അടയ്ക്കേണ്ടിവരുന്നതായും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് പറയുന്നു.

ചിത്രീകരണത്തിനുള്ള അനുമതി നേടിയെടുക്കലാണ് ഏറ്റവും വലിയ കടമ്പ. ഇതിന് മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്ന അവസ്ഥയുണ്ട്. ഇക്കാരണങ്ങൾ കൊണ്ടാണ് കേരളത്തിലേക്കുള്ള ഇതരഭാഷ സിനിമാസംഘങ്ങളുടെ വരവു കുറഞ്ഞതെന്നും രാകേഷ് പറഞ്ഞു. 

“സിനിമാ ടൂറിസം പ്രോത്സാഹിപ്പിക്കുമെന്ന് വകുപ്പ് മന്ത്രി പറഞ്ഞിരുന്നെങ്കിലും അത് വാക്കിൽ മാത്രമൊതുങ്ങി. ചിത്രീകരണങ്ങൾക്ക് അനുമതി ലഭ്യമാക്കുന്നതടക്കമുളള കാര്യങ്ങൾക്ക് ഏകജാലക സംവിധാനമൊരുക്കുമെന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ ഉറപ്പ് ഇന്നും ജലരേഖയാണ്-” രാകേഷ് പറയുന്നു. വിഷയം സർക്കാർ ​ഗൗരവമായി പരി​ഗണിക്കാത്തപക്ഷം ഷൂട്ടിങ്ങിനായി മറ്റുസംസ്ഥാനങ്ങൾ തേടിപ്പോകേണ്ടിവരുമെന്ന മുന്നറിയിപ്പും നിർമാതാക്കൾ നൽകുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*