സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരം ; ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കർ

ഒളിമ്പിക്‌സില്‍ പുതുചരിത്രം കുറിച്ച് ഇന്ത്യയുടെ ഷൂട്ടിങ് താരം മനു ഭാക്കർ. സ്വാതന്ത്ര്യത്തിന് ശേഷം ഒരു ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായിരിക്കുകയാണ് മനു. ഇന്ന് നടന്ന 10 മീറ്റർ എയർ പിസ്റ്റള്‍ മിക്‌സഡ് ടീം ഇവന്റിലായിരുന്നു മനുവിന്റെ രണ്ടാം വെങ്കല മെഡല്‍ നേട്ടം. സരബ്‌ജോത് സിങ്ങും മനുവുമായിരുന്നു സഖ്യമായി മത്സരിച്ചിരുന്നത്. തെക്കൻ കൊറിയൻ സഖ്യത്തെ 16-10 എന്ന മാർജിനിലായിരുന്നു കീഴടക്കിയത്.

നേരത്തെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മനു വെങ്കലം നേടിയിരുന്നു. ഒളിമ്പിക്‌സ് ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാകാനും മനുവിന് സാധിച്ചിരുന്നു. ബാഡ്‍മിന്റണ്‍ താരം പി വി സിന്ധുവിന് ശേഷം രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ വനിത താരമെന്ന നേട്ടവും മനു ഇതോടെ സ്വന്തമാക്കി. ഇന്ത്യയുടെ കായിക ചരിത്രത്തില്‍ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാനും മനുവിന് കഴിഞ്ഞു.

ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിന് കീഴിലായിരുന്നപ്പോള്‍ 1900 ഒളിമ്പിക്സില്‍ അത്‌ലറ്റിക്‌സില്‍ രണ്ട് വെള്ളി നേടിയ നോർമൻ പ്രിച്ചാർഡായിരുന്നു രാജ്യത്തിനായി ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. ശേഷം ഒരു താരത്തിനും ഇതിന് സാധിച്ചിരുന്നില്ല. സിന്ധുവിനും മനുവിനും പുറമെ രണ്ട് ഒളിമ്പിക്‌സ് മെഡലുള്ള മറ്റൊരു താരമാണ് സുശീല്‍ കുമാർ.

ഗുസ്തിയിലായിരുന്നു സുശീലിന്റെ മെഡല്‍ നേട്ടങ്ങള്‍. 2008 ബീജിങ് ഒളിമ്പിക്‌സിലും 2012 ലണ്ടണ്‍ ഒളിമ്പിക്‌സിലുമായിരുന്നു സുശീല്‍ മെഡലണിഞ്ഞത്. സിന്ധു റിയൊ ഒളിമ്പിക്സില്‍ വെള്ളിയും ടോക്കിയോയില്‍ വെങ്കലവും നേടി.

Be the first to comment

Leave a Reply

Your email address will not be published.


*