റഷ്യയിൽ ക്രൈസ്തവ-ജൂത ആരാധനാലയങ്ങളിൽ വെടിവയ്പ്പ്; മരണസംഖ്യ 15 കടന്നു

റഷ്യയിൽ ക്രൈസ്തവ- ജൂത ആരാധനാലയങ്ങളിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ പോലീസ് ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ കൊല്ലപ്പെട്ടു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള റഷ്യൻ പ്രദേശമായ ഡാഗെസ്താനിലായിരുന്നു സംഭവം. ഞായറാഴ്ച നടന്ന സംഭവത്തിൽ മേഖലയിലെ രണ്ട് ഓർത്തഡോക്സ് പള്ളികൾക്കും ഒരു സിനഗോഗിനും പോലീസ് പോസ്റ്റിനും നേരെ വെടിയുതിർത്തതായി അധികൃതർ അറിയിച്ചു. ആക്രമണത്തിൽ പതിനഞ്ചിലധികം പോലീസ് ഉദ്യോഗസ്ഥരും ക്രൈസ്തവ പുരോഹിതൻ ഉൾപ്പെടെ നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം.

ഓർത്തഡോക്സ് വിഭാഗങ്ങളുടെ ആഘോഷ ദിനമായ പെന്തക്കോസ്ത് ദിനത്തിൽ ഡാഗെസ്ഥാനിലെ ഡെർബെൻ്റ്, മഖച്കല നഗരങ്ങളിലായിരുന്നു തീവ്രവാദി ആക്രമണം. അക്രമി സംഘത്തിലുണ്ടായ ആറുപേരെ സുരക്ഷാ സേന വധിച്ചു. മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഏകദേശം പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റഷ്യയിലെ ഏറ്റവും ദരിദ്രമായ മേഖലകളിൽ ഒന്നാണ് ഡാഗെസ്ഥാൻ. പ്രധാനമായും മുസ്ലീം വിഭാഗങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ മേഖലയിലെ പുരാതന ജൂത സമൂഹത്തിൻ്റെ ആസ്ഥാനമായ ഡെർബെൻ്റിലെ ജൂതപ്പള്ളിയും ഏറ്റവും വലിയ നഗരവുമായ മഖച്കലയിലെ പോലീസ് പോസ്റ്റുമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഫലമായി ജൂതപ്പള്ളിക്ക് തീ പിടിച്ചു. നിയമ ഏജൻസികൾ പറയുന്നതനുസരിച്ച് തോക്കുധാരികൾ “ഒരു അന്താരാഷ്ട്ര തീവ്രവാദ സംഘടന”യിലെ അംഗങ്ങളാണെന്ന് റഷ്യൻ വാർത്താ ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു. അക്രമികളിൽ ചിലർ കാറിൽ രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, ഡെർബെൻ്റിലെ ജൂതപ്പള്ളി കത്തിച്ചതായും മഖാച്കലയിലെ രണ്ടാമത്തെ പള്ളിയിൽ വെടിയുതിർത്തതായും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മൂന്നുമാസം മുൻപാണ് റഷ്യയിൽ ഒരു സംഗീത പരിപാടിക്കിടെ തോക്കുധാരികൾ വെടിയുതിർക്കുകയും 133 പേർ കൊല്ലപ്പെടുകയും ചെയ്തത്. ഭീകരവാദ സംഘടനയായ ഐഎസ്ഐഎൽ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും യുക്രെയ്‌നായിരുന്നു അതിന് പിന്നിലെന്നാണ് റഷ്യ വാദിച്ചിരുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*