ആസിഡ് ആക്രമണ ഇരകള്‍ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണോ? ഹര്‍ജി ഫയലില്‍ സ്വീകരിച്ച് സുപ്രീം കോടതി

ആസിഡ് ആക്രമണ ഇരകളും സ്ഥായിയായ കാഴ്ച വൈകല്യം നേരിടുന്നവരും ബാങ്കിങ് സര്‍വീസുകള്‍ക്കും മറ്റും ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കണമോയെന്ന കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി. വ്യക്ത്യാധിഷ്ഠിത വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വീഡിയോ കോണ്‍ഫറന്‍സിന് വിധേയമാകുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നു കാട്ടി ഇരകള്‍ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിശദ വാദം കേള്‍ക്കാന്‍ സ്വീകരിച്ചു.

ഇത് വളരെ ഗൗരവതരമായ കാര്യമാണെന്നും വിശദമായി കേട്ട ശേഷം മാത്രമേ അന്തിമ തീരുമാനത്തിലെത്താനാകുമെന്നും പറഞ്ഞ ബെഞ്ച് വിശദ വാദം കേള്‍ക്കാനായി ഹര്‍ജി ജൂലൈയിലേക്കു മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനു പുറമേ ജസ്റ്റിസുമാരായ ജെ ബി പര്‍ദ്ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഇത്തരക്കാര്‍ക്കു വേണ്ടി പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ ഉത്തരവാദിത്തപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കണമെന്നവാശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ആസിഡ് ആക്രമണ ഇര കൂടിയായ ഹര്‍ജിക്കാരിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്രയാണ് ഹാജരായത്.

ഇതിനു പുറമേ ഡിജിറ്റല്‍ കെവൈസി സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് 2016-ല്‍ റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച് വിജ്ഞാപനത്തില്‍ നിര്‍ബന്ധമായും ‘ലൈവ് ഫോട്ടോഗ്രാഫ്’ വേണമെന്ന നിബന്ധന ആസിഡ് ആക്രമണ ഇരകള്‍കളുടെയും സ്ഥായിയായി അന്ധത ബാധിച്ചവരുടെയും കാര്യത്തില്‍ ഒഴിവാക്കണമെന്നും ”ലൈഫ് ഫോട്ടോഗ്രാഫ്” എന്നതില്‍ വ്യക്തത വരുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*