
കരീബിയന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുസിപിഎല്‍) കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി യുവ ഓഫ് സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ വരെ നടക്കുന്ന ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സാണ് താരവുമായി സൈന്‍ ചെയ്തത്. ഇതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുന്‍പ് തന്നെ ഒരു വിദേശ ലീഗില്‍ കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ വനിതാ താരമാകും ശ്രേയങ്ക.
അടുത്തിടെ ഹോങ്കോങ്ങില്‍ നടന്ന വനിതാ എമര്‍ജിംഗ് ഏഷ്യാകപ്പില്‍ ഇന്ത്യ എയ്ക്ക് വേണ്ടി രണ്ട് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക ടൂര്‍ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ ആര്‍സിബിയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇരുപതുകാരിയായ ശ്രേയങ്ക കാഴ്ച വെച്ചത്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ മത്സരിക്കാന്‍ ബിസിസിഐ അനുമതി നല്‍കിയിരുന്നു. മുന്‍ നിര താരങ്ങളായ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, റിച്ച ഘോഷ് എന്നിവര്‍ മുന്‍പ് ഓസ്‌ട്രേലിയയിലെ ഡബ്ല്യുബിബിഎല്‍ പോലുള്ള ലീഗുകളുടെ ഭാഗമായിട്ടുണ്ട്.
Be the first to comment