200 കോടിക്കുമേല്‍ വിറ്റുവരവ്, സിഡ്‌കോയ്ക്ക് 1.4 കോടിയുടെ പ്രവര്‍ത്തനലാഭമെന്ന് പി രാജീവ്

സിഡ്‌കോയ്ക്ക് 1.4 കോടിയുടെ പ്രവര്‍ത്തനലാഭമെന്ന് മന്ത്രി പി രാജീവ്. ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങളും മറ്റും നിർമിക്കുന്നതിൽ പങ്കാളിത്തം വഹിച്ച സിഡ്‌കോ കഴിഞ്ഞ സാമ്പത്തിക വർഷം 202 കോടി രൂപയുടെ വിറ്റുവരവും 1.41 കോടി രൂപ പ്രവര്‍ത്തനലാഭവും നേടി.

തുടർച്ചയായ രണ്ടാമത്തെ വര്‍ഷമാണ് സിഡ്കോ 200 കോടി രൂപയ്ക്കു മുകളിൽ വാർഷിക വിറ്റുവരവ് നേടുന്നത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ സുസ്ഥിരലാഭത്തിലേക്ക് എത്തിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമാണ് സിഡ്കോയേയും ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.

ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും സിഡ്‌കോയുടെ വിജയം ഊര്‍ജ്ജം പകരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 229 കോടി രൂപയുടെ വിറ്റുവരവും 48 ലക്ഷം പ്രവര്‍ത്തനലാഭവും നേടിയ 2022-23 സാമ്പത്തികവർഷത്തിലാണ് കഴിഞ്ഞ 15 വർഷക്കാലയളവിൽ സിഡ്‌കോ ആദ്യമായി ലാഭത്തിലെത്തുന്നത്.

ഇപ്പോഴത്തെ മാനേജ്‌മെന്റ് ചുമതലയേറ്റശേഷം 32 മാസക്കാലയളവിൽ 632 കോടി രൂപയുടെ വിറ്റുവരവ് സിഡ്കോയ്ക്ക് കൈവരിക്കാനായി. നടപ്പു സാമ്പത്തികവർഷം 264 കോടി രൂപയുടെ വിറ്റുവരവും 3.42 കോടി രൂപ പ്രവര്‍‌ത്തനലാഭവുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ സി.പി. മുരളി പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*