കേരളത്തിന് അഭിമാനമായി സിദ്ധാര്‍ത്ഥ് രാംകുമാര്‍; സിവില്‍ സർവീസ് പരീക്ഷയില്‍ നാലാം റാങ്ക്

യുപിഎസ്‌സി സിവില്‍ സർവീസ് പരീക്ഷയില്‍ നാലാം തവണയും വിജയം നേടിയ സിദ്ധാര്‍ത്ഥ് രാംകുമാറിന് ഇത്തവണ നാലാം റാങ്ക്. കഴിഞ്ഞ പരീക്ഷയില്‍ സിദ്ധാര്‍ത്ഥിന് 121-ാം റാങ്കാണ് നേടിയത്. ഇത്തവണത്തേത് ഉള്‍പ്പെടെ അഞ്ച് തവണയാണ് സിദ്ധാര്‍ത്ഥ് സിവില്‍ സര്‍വീസ് എഴുതിയത്. ആദ്യത്തെ തവണ പ്രിലിമിനറി പോലും കടക്കാതിരുന്ന സിദ്ധാര്‍ത്ഥ് പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷമാണ് ലിസ്റ്റില്‍ ഇടം പിടിച്ചത്. ഓരോ തവണയും സ്വന്തം റാങ്ക് മെച്ചപ്പെടുത്തി. 2019-ല്‍ ആര്‍ക്കിടെക്ചര്‍ ബിരുദം പൂര്‍ത്തിയാക്കിയ സിദ്ധാര്‍ത്ഥ്, അന്നുമുതല്‍ സിവില്‍ സര്‍വീസ് മോഹങ്ങളുടെ പിന്നാലെയായിരുന്നു.

2019-ല്‍ പ്രിലിമിനറി കടക്കാനാകാതെ സിദ്ധാര്‍ത്ഥ് പരാജയപ്പെട്ടു. 2020-ല്‍ റാങ്ക് ലിസ്റ്റിനു പകരം റിസര്‍വ് ലിസ്റ്റില്‍ ഇടംപിടിച്ചു. ഇന്ത്യന്‍ പോസ്റ്റ് ആന്‍ഡ് ടെലികോം അക്കൗണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ് സര്‍വീസില്‍ ജോലി ലഭിച്ചു. ജോലിക്കിടെ പരിശീലനത്തിനു സമയം കണ്ടെത്തി. 2021-ല്‍ വീണ്ടും സിവില്‍ സര്‍വീസ് എഴുതി. അത്തവണ തേടയിയെത്തിയത് 181-ാം റാങ്ക്. ഇതോടെ ഐപിഎസ് ലിസ്റ്റില്‍ ഇടംപിടിച്ചു. ഐഎഎസ് സ്വപ്‌നം വിടാതെ, ഐപിഎസ് ട്രെയിനിങിലേക്ക് സിദ്ധാര്‍ത്ഥ് കടന്നു.

ചിട്ടയായ പഠനവും മോക്ക് ടെസ്റ്റുകളുമായി പരിശ്രമം തുടര്‍ന്നുകൊണ്ടേയിരുന്നു. 2022-ല്‍ 121-ാം റാങ്കിലേക്ക് എത്തി. 2023-ലെ ഫലം വന്നപ്പോള്‍ സിദ്ധാര്‍ത്ഥ് രാംകുമാര്‍ നാലാം സ്ഥാനത്തെത്തി. കഠിനമായ പ്രയ്തനവും നിശ്ചയാദാര്‍ഢ്യവുമുണ്ടെങ്കില്‍ ഏത് കടമ്പയും കടക്കാനാകുമെന്നാണ് സിദ്ധാര്‍ത്ഥ് വിജയം തെളിയിക്കുന്നത്. ഇക്കുറി ജനറല്‍ വിഭാഗത്തില്‍ 347 പേര്‍ക്കും ഒബിസി വിഭാഗത്തില്‍ 303 പേര്‍ക്കും ഉള്‍പ്പെടെ 1016 പേര്‍ക്കാണ് റാങ്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്എസിനും 200 പേരെ ഐപിഎസിനും ശുപാര്‍ശ ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*