രാവിലെ ഉറക്കം ഉണർന്നയുടൻ ഫോൺ നോക്കുന്ന ശീലമുണ്ടോ ? ഈ ആരോഗ്യ പ്രശ്‌നങ്ങൾ കൂടെ പോരും

രാവിലെ ഉറക്കം ഉണർന്ന ഉടനെ ഫോൺ നോക്കുന്നവരാണ് ഭൂരിഭാഗം പേരും. കിടക്കപ്പായയിൽ കിടന്ന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും വാർത്തകൾ തിരയുന്നവരും നിരവധിയാണ്. ഇന്ന് സ്‌മാർട്ട് ഫോൺ ഉപയോഗിക്കുന്ന എല്ലാ പ്രായക്കാരിലും ഈ ശീലം കൂടുന്നതായും കണ്ടു വരുന്നു. എന്നാൽ ഇത് മാനസികവും ശാരീരികവുമായി നിങ്ങളെ തളർത്തുമെന്ന് നിങ്ങൾക്കറിയാമോ? ദീർഘനേരം വിശ്രമിച്ചതിനു ശേഷം നേരെ ഫോൺ ഉപയോഗിക്കുന്നത് ദിവസം മുഴുവൻ ഊർജ്ജം നഷ്‌ടമാകാനും മാനസികാവസ്ഥ മോശമാകാനും കാരണമാകും. രാവിലെ എഴുന്നേറ്റയുടൻ ഫോൺ നോക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് അറിയാം.

ഉറക്ക ചക്രത്തെ തടസപ്പെടുത്തും

ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണാണ് മെലറ്റോൺ. സ്‌മാർട്ട് ഫോണിലെ നീല വെളിച്ചം ഈ ഹോർമോണിന്‍റെ ഉത്പാദനം തടസപ്പെടുത്തും. കൂടാതെ ഉറക്കം ഉണർന്നയുടൻ നീല വെളിച്ചത്തിലേക്ക് നോക്കുന്നത് സർക്കാഡിയൻ റിഥം തെറ്റാനും കാരണമാകും. പകൽ സമയത്ത് ക്ഷീണം അനുഭവപ്പെടാനും രാത്രിയിലെ ഉറക്കത്തെയും ഇത് ബാധിയ്ക്കും.

സമ്മർദ്ദം, ഉത്കണ്‌ഠ

ഉണർന്ന ഉടൻ ഫോണിലെ നോട്ടിഫിക്കേഷൻ നോക്കുന്ന ശീലം സമ്മർദ്ദം, ഉത്കണ്‌ഠ എന്നിവയ്ക്ക് കാരണമാകും. ഇത്തരത്തിൽ സമ്മർദ്ദം ഉണ്ടാകുമ്പോൾ കോർട്ടിസോൾ അളവ് കൂടാൻ ഇടയാകും. ഇത് ഹൃദയമിടിപ്പ് വർധിക്കാനും പല ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകും.

ശ്രദ്ധ നഷ്‌ടമാകും

ഉറക്കത്തിൽ നിന്നും എഴുന്നേറ്റ ഉടൻ ആദ്യം തന്നെ ഫോൺ നോക്കുന്നത് മറ്റ് കാര്യങ്ങളിൽ നിന്നും നിങ്ങളെ വ്യതിചലിപ്പിക്കും. ധ്യാനം, വ്യായാമം, ആരോഗ്യകരമായ ഭക്ഷണം എന്നിവ പതിയെ ഒഴിവാക്കാൻ തുടങ്ങും. ഇത് ദിവസം മുഴുവനുള്ള നിങ്ങളുടെ ശ്രദ്ധ നഷ്‌ടപ്പെടാനും ജോലിയിലെ പ്രകടനം കുറയാനും കാരണമാകും.

പ്രഭാത ദിനചര്യയെ ബാധിക്കും

ഫോണിൽ നോക്കി കൊണ്ട് ദിവസം ആരംഭിക്കുന്നത് നിങ്ങളുടെ പ്രഭാത ദിനചര്യ അവഗണിക്കാൻ കാരണമാകും. അതിനാൽ ഈ ശീലം ഒഴിവാക്കാൻ പരമാവധി ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താൻ ഗുണം ചെയ്യും.

നെഗറ്റീവ് എനർജി

ദീഘനേരം ഉറങ്ങി എഴുന്നേൽക്കുമ്പോൾ മസ്‌തിഷ്‌കം ദുർബലമായ അവസ്ഥയിലായിരിക്കും. അതിനാൽ എഴുന്നേറ്റ ഉടൻ ഫോൺ നോക്കുന്നത് നെഗറ്റീവ് എനർജിയ്ക്ക് കാരണമാകും.

Be the first to comment

Leave a Reply

Your email address will not be published.


*