തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ആഭ്യന്തരമന്ത്രി എന്ന നിലയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു പറ്റിച്ചെന്ന് സിദ്ധാർഥന്റെ അച്ഛൻ. പ്രതിയായ അക്ഷയ് സിപിഎം നേതാവ് എംഎം മണിയുടെ ചിറകിനടിയിലാണ്. എന്തിനാണ് അക്ഷയിനെ സംരക്ഷിക്കുന്നത്? അവനെ തുറന്നുവിട്ടുകൂടേ?അവനെ വെളിയിൽ വിട്ട ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. എല്ലാത്തിനും മുഖ്യമന്ത്രി മറുപടി പറയണം. ഉത്തരം കിട്ടുന്നതിന് വേണ്ടി ക്ലിഫ് ഹൗസിന് മുന്നിൽ സമരം നടത്തും. മകന് നീതി ലഭിക്കുന്നതിനായി ഏതറ്റം വരേയും പോകാൻ തയ്യാറാണ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയെ പ്രതി ചേർത്ത് കേസ് എടുക്കണം. മർദനം ചിത്രീകരിച്ച പെൺകുട്ടികളെ എന്തു കൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും സിദ്ധാർഥന്റെ അച്ഛൻ ചോദിച്ചു.
‘പൊലീസ് അന്വേഷണം ഏങ്ങും എത്തിയില്ല. എല്ലാ സമ്മർദ്ദത്തിനും അടിപ്പെട്ട് അന്വേഷണം അട്ടിമറിച്ചു. മുഖ്യമന്ത്രി എന്ന നിലയിൽ സിബിഐ അന്വേഷണം ഇപ്പോൾ തരാം എന്ന് പറഞ്ഞ് പത്തു പതിനഞ്ച് ദിവസം നീട്ടി പറഞ്ഞ് പറ്റിച്ചു. അന്വേഷണം സിബിഐയ്ക്ക് കൈമാറി കൊണ്ടുള്ള റിപ്പോർട്ട് കൊച്ചിക്ക് കൊടുക്കാനുള്ളത് ഡൽഹിക്ക് കൊടുത്തു എന്നും ഡൽഹിക്ക് കൊടുക്കാനുള്ളത് കൊച്ചിക്ക് കൊടുത്തു എന്നും പറഞ്ഞു പറ്റിച്ചു. ആഭ്യന്തര മന്ത്രി എന്ന നിലയിൽ വീണ്ടും പറ്റിച്ചു.എ ന്നെ മൊത്തം പറ്റിച്ചു കൊണ്ടിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. കുരങ്ങനെ പോലെ നോക്കി നിൽക്കേണ്ട കാര്യമില്ലലോ? ഞാൻ കൃത്യമായി ഇടപെടും. ചതിച്ച് കൊന്ന പെൺകുട്ടികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.’- സിദ്ധാർഥന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
Be the first to comment