
തിരുവനന്തപുരം: റെയില്‍വെ മന്ത്രാലയം ആവശ്യപ്പെട്ട നിലയില്‍ സില്‍വര്‍ ലൈനിന്റെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് കെ റെയില്‍. അതേസമയം റെയില്‍വേ ഭൂമിയാണ് പ്രശ്‌നമെങ്കില്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിന് അയച്ച കത്തില്‍ അറിയിച്ചു. അതിവേഗ തീവണ്ടികള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് തന്നെ വേണമെന്നാണ് കെ റെയിലിന്റെ ആവശ്യം. എന്നാല്‍ റെയില്‍വേയുടെ ബദല്‍ നിര്‍ദേശം തള്ളി മെട്രോമാന്‍ ഇ ശ്രീധരനും രംഗത്തെത്തി.
അതിവേഗ വണ്ടിക്ക് വേണ്ടി സില്‍വര്‍ ലൈന്‍ ഡിപിആര്‍ ഡെഡിക്കേറ്റഡ് സ്പീഡ് കോറിഡോറായി തന്നെ പരിഗണിക്കണമെന്നും റെയില്‍വേ ഭൂമി കൈമാറുന്നതാണ് പ്രശ്നമെങ്കില്‍, സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്താമെന്നും കെ റെയില്‍ പറഞ്ഞു. അതിവേഗ വണ്ടികള്‍ക്കു മാത്രമായുള്ള പാത എന്ന അടിസ്ഥാന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഡിപിആറില്‍ മറ്റു തരത്തിലുള്ള മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്നും കെ റെയില്‍ റെയില്‍വേ ബോര്‍ഡിനെ അറിയിച്ചു.
അതേസമയം, കേരള റെയില്‍വേ ബോര്‍ഡ് കേരളത്തിന് മുന്നില്‍ വെച്ചിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ദീര്‍ഘവീക്ഷണം ഇല്ലാത്തതാണെന്ന് ചൂണ്ടിക്കാട്ടി മെട്രോ മാന്‍ ഇ ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്ത് നല്‍കി. പ്രായോഗികമല്ലാത്ത നിര്‍ദ്ദേശങ്ങളാണ് റെയില്‍വേ ബോര്‍ഡ് നല്‍കിയതെന്നാണ് ഇ ശ്രീധരന്റെ വിമര്‍ശനം.
Be the first to comment