മലയാളികളുടെ സ്വന്തം വാനമ്പാടി; പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാൾ ഇന്ന്

പ്രിയ ഗായിക കെ എസ് ചിത്രയുടെ അറുപതാം പിറന്നാളാണ് ഇന്ന്. മലയാളിയുടെ ജീവ ശ്വാസത്തിൽ അലിഞ്ഞു ചേർന്ന സംഗീതമാണ് ചിത്രയുടേത്. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ല്‍ ആകാശവാണിയിലൂടെയാണ് ‘ചിത്ര’നാദം ആദ്യമായി മലയാളി കേട്ടു തുടങ്ങിയത്. അന്ന് ഗായികയ്ക്ക് പ്രായം വെറും അഞ്ചര വയസ്സ്. എണ്‍പതുകളോടെ ചിത്രഗീതങ്ങള്‍ക്ക് ഇടവേളകളില്ലാതെയായി. മലയാളത്തിന്‍റെ വാനമ്പാടി, തമിഴ്നാടിന് ചിന്നക്കുയിലായി. തെലുങ്കില്‍ സംഗീത സരസ്വതിയും, കന്നഡയില്‍ ഗാനകോകിലയുമായി പല ഭാഷങ്ങളില്‍ പലരാഗങ്ങളില്‍ ചിത്രസ്വരം നിറഞ്ഞു.

1985 ലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗായികയ്ക്കുളള പുരസ്കാരം ആദ്യമായി ചിത്രയെ തേടിയെത്തിയത്. നിറക്കൂട്ടിലെ പൂമാനമേ, കാണാക്കുയിലിലെ ഒരേ സ്വരം ഒരേ നിറം, നോക്കത്താദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിലെ ആയിരം കണ്ണുമായി എന്നീ ഗാനങ്ങള്‍ക്കായിരുന്നു പുരസ്കാരം. 1985 മുതല്‍ 1995 വരെ തുടര്‍ച്ചയായി കേരള സര്‍ക്കാരിന്‍റെ മികച്ച ഗായിക ചിത്രയായിരുന്നു. ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടില്ലാത്ത നേട്ടം.

16 തവണയാണ് കേരള സര്‍ക്കാരിന്‍റെ മികച്ച ഗായികക്കുളള പുരസ്കാരം ചിത്രയെ തേടിയെത്തിയത്. 11 തവണ ആന്ധ്രപ്രദേശിന്‍റെ മികച്ച ഗായികയായി. നാലുതവണ തമിഴ്നാടിന്‍റെയും മൂന്ന് തവണ കര്‍ണാടകയുടെയും ഓരോ തവണ ഒഡീഷയുടെയും പശ്ചിമബംഗാളിന്‍റെയും മികച്ച ഗായികക്കുളള പുരസ്കാരവും ചിത്രയെ തേടിയെത്തി.

കെ എസ് ചിത്ര പാടാത്ത ഇന്ത്യന്‍ ഭാഷകള്‍  കുറവായിരിക്കും. മലയാളത്തില്‍ നിന്ന് ആരംഭിച്ച് തമിഴ്, തെലുങ്ക് വഴി ഒഡിയയിലും ബംഗാളിയിലും വരെ എത്തിയ സ്വരമധുരിമ. ഒപ്പം ഇംഗ്ലീഷ്, സിന്‍ഹളീസ്, ലാറ്റിന്‍ വരെയുള്ള വിദേശ ഭാഷകളും. ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ എം ജി രാധാകൃഷ്ണന്‍ ഈണമിട്ട രജനി പറയൂ എന്ന ഗാനം പാടാനെത്തിയ കൗമാരക്കാരി അന്ന് തനിക്കറിയാതിരുന്ന നിരവധി ഭാഷകളില്‍ പിന്നീട് തെളിമയോടെ ആലപിച്ചു. മലയാളവും അല്‍പം തമിഴും മാത്രം അറിയാമായിരുന്ന ചിത്ര മറ്റനവധി ഭാഷകളില്‍ മനോഹര ആലാപനങ്ങള്‍ നടത്തിയതിന് പിന്നില്‍ വലിയ പ്രയത്നമുണ്ട്.

നുണക്കുഴി കാട്ടിയുള്ള നിഷ്‍ളങ്കമായ ചിരി. ഒറ്റനോട്ടത്തിൽ തന്നെ ഒരു പോസിറ്റീവ് എനർജി. വളർന്നുവരുന്ന പ്രതിഭകളെ ഒരു ഗുരുവിനെ പോലെ, അമ്മയെ പോലെ കാര്യങ്ങൾ പറഞ്ഞ് കൊടുത്ത് ഒപ്പം കൂട്ടി. മലയാളികളുടെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും വേദനയിലുമെല്ലാം ആ മധുര ശബ്‍ദം കൂട്ടായി. കാലങ്ങൾ എത്ര കഴിഞ്ഞ് പോയാലും ചിത്രയുടെ പാട്ടിന്റെ സ്വരമാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും വന്നിട്ടില്ല. ആ മധുരമൂറുന്ന ശബ്‍ദം കൊണ്ട് ചിത്ര കീഴടക്കിയത് മലയാളികളുടെ മാത്രമല്ല, ഇന്ത്യയിലെ ഓരോ വ്യക്തികളുടെയും മനസിനെയാണ്. 

കെ എസ് ചിത്രക്ക്, നമ്മുടെ വാനമ്പാടിക്ക് യെൻസ് ടൈംസിന്റെ പിറന്നാളാശംസകൾ.

Be the first to comment

Leave a Reply

Your email address will not be published.


*