ഗായകൻ മുഹമ്മദ് റഫി വിടവാങ്ങിയിട്ട് ഇന്ന് 43 വർഷം

ഇന്ത്യൻ സിനിമയിലെ മധുര ശബ്ദത്തിന് ഉടമ മുഹമ്മദ് റാഫിയുടെ ഓർമ ദിനം ഇന്ന്. ആ അതുല്യ പ്രതിഭ നമ്മെ വിട്ടു പിരിഞ്ഞിട്ട് 43 വർഷങ്ങളായി. തലമുറകളിൽ നിന്ന് തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ശബ്ദമാധുര്യം ഇപ്പോഴും യാത്ര ചെയ്തുകൊണ്ടിരിക്കുകയാണ്.

കൊലക്കയർ കാത്തുകഴിയുന്ന ജയിൽപുള്ളിയോട് അന്ത്യാഭിലാഷം ചോദിച്ചപ്പോൾ ഇഷ്ടഗാനം ആവർത്തിച്ച് കേൾക്കണമെന്നായിരുന്നു മറുപടി. അത് മുഹമ്മദ് റാഫി പാടിയ ‘ദുനിയാ കെ രഖ് വാലെ’ ആയിരുന്നു. ഈ ഒരു സംഭവം മതി മുഹമ്മദ് റാഫി എന്ന പ്രതിഭാശാലിയെ അടയാളപ്പെടുത്താൻ. 1950-70 കാലഘട്ടത്തിൽ ഉർദു,ഹിന്ദി ഭാഷകളിലായി റാഫി ആലപിച്ച ചലച്ചിത്ര ഗാനങ്ങളല്ലാം അപൂർവസുന്ദരങ്ങളായിരുന്നു.

 

ഖവാലി മുതൽ ക്ലാസിക്കൽ വരെ. തട്ടുതകർപ്പൻ ഗാനങ്ങൾ മുതൽ ഭജൻ വരെ. എന്തും വഴങ്ങിയിരുന്നു റഫിക്ക്. 4 പതിറ്റാണ്ട് രാജ്യത്തെ സംഗീത സംവിധായകർ റഫിക്ക് പിന്നാലെയായിരുന്നു. നൗഷാദിനെ പോലെ ക്ലാസിക്കൽ സംഗീതപ്രിയരായ സംഗീത സംവിധായകർക്കും ലക്ഷ്മികാന്ത് പ്യാരേലാലിനെപ്പോലെ പുത്തൻ ട്രെന്റുകളുടെ പിന്നാലെ പോയവ‍ർക്കും ഒറ്റ ശബ്ദമേ വേണ്ടിയിരുന്നുള്ളൂ. അതായിരുന്നു മുഹമ്മദ് റഫിയുടെ വെൽവെറ്റ് ശബ്ദം.

വിഭജനം റഫിയുടെ കുടുംബത്തെയും രണ്ടാക്കി. ഭാര്യയടക്കമുള്ള കുടുംബാം​ഗങ്ങൾ ലാഹോറിലേക്ക് പോയപ്പോൾ റഫി മുംബൈയിൽ നിന്ന് മടങ്ങിയില്ല. പണ്ഡിറ്റ് നെഹ്രൂ ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ റഫിയുടെ രാജ്യസ്നേഹത്തെ ആദരിച്ചു. പിന്നീട് ഹിന്ദി സിനിമയിൽ കണ്ടത് റഫി യുഗമായിരുന്നു. ദേവാനന്ദ് മുതൽ അമിതാഭ് ബച്ചനും വരെ ജനപ്രിയ നായകരെല്ലാം റഫിയുടെ ശബ്ദത്തിൽ തിരശ്ശീലയിൽ ആടിപ്പാടി. തൊണ്ടയിലെ നിരന്തരമായ അണുബാധ. വേദികളിൽ പാട്ട് പൂർത്തിയാക്കാൻ പറ്റാതെ വന്ന അവസ്ഥ.

നമ്മുടെ ജീവിതത്തിലെ ഓരോ സന്ദർഭത്തിനും അനുയോജ്യമായ ഒരു റാഫി ഗാനം ഉണ്ട്. അങ്ങനെ ആ പേര് ഒരു കാലഘട്ടത്തിന്റ് പര്യായമായി മാറി. ഏറ്റവും കൂടുതൽ യുഗ്മഗാനങ്ങൾ ലതാ മങ്കേഷ്‌കറോടൊപ്പം ആലപിച്ചതിന്റ് റെക്കോഡ് മുഹമ്മദ് റാഫിയുടെ പേരിലുള്ളതാണ്.

മാറിയും മറിഞ്ഞും ചലിച്ചുകൊണ്ടിരുന്ന ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിൽ ഒരു ചാഞ്ചാട്ടവുമില്ലാതെ അനശ്വരമായി നിലകൊള്ളുന്ന ഗാനങ്ങൾ മുഹമ്മദ് റാഫിയുടെ പ്രൗഢ സ്വരത്തിൽ പിറവി കൊണ്ടവയാണ്. ഇന്നും ഓരോ പാട്ടും ഇന്ത്യന്‍ ജനത ഏറ്റുപാടികൊണ്ടിരിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*