ശിവഗിരി തീർത്ഥാടനം ഡിസംബർ 30 മുതല്‍; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: 90ാമത് ശിവഗിരി തീർത്ഥാടനം  കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം നിർവഹിക്കും. ഈ മാസം 30ന് രാവിലെ ശിവഗിരിയിൽ നടക്കുന്ന സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ മുഖ്യാതിഥിയാകും.

30ന് പുലർച്ച പർണശാലയിലും ശാരദാമഠത്തിലും മഹാസമാധിയിലും വിശേഷാൽ പൂജകൾക്കുശേഷം ബ്രഹ്മവിദ്യാലയത്തിൽ ഗുരുദേവ കൃതികളുടെ പാരായണം നടക്കും. രാവിലെ 7.30ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ചടങ്ങിൽ സ്വാമി സച്ചിദാനന്ദ രചിച്ച ഗുരുദേവന്‍റെ സുവർണരേഖകൾ, ഡോ. ഗീതാസുരാജ് രചിച്ച ശിവഗിരി ദൈവദശകം എന്ന ദൈവോപനിഷത്ത് എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടക്കും.

ഗുരുദേവന്‍ ഉപദേശിച്ച വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, കൃഷി, കൈത്തൊഴില്‍, കച്ചവടം, സംഘടന, ശാസ്ത്ര സാങ്കേതിക പരിശീലനം എന്നീ എട്ട് വിഷയങ്ങളെ വര്‍ത്തമാനകാല ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌ക്കരിക്കുന്ന 13 സമ്മേളനങ്ങളാണ് തീര്‍ത്ഥാടന മഹാമഹത്തിന്റെ ഭാഗമായി ഇത്തവണ സംഘടിപ്പിച്ചിരിക്കുന്നത്. 

Be the first to comment

Leave a Reply

Your email address will not be published.


*