ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്ന്‌ പരാതി

ഇസ്രയേലില്‍ കൃഷി പഠിക്കാന്‍ പോയ കര്‍ഷകനെ കാണാതായതിനെ പിന്നാലെ സമാന പരാതിയുമായി പുരോഹിതന്‍ രംഗത്ത്. ഇസ്രയേല്‍ സന്ദര്‍ശിച്ച തീര്‍ഥാടകസംഘത്തിലെ ആറു പേരെ കാണാനില്ലെന്നാണ് പരാതി. 26 അംഗ സംഘത്തില്‍പ്പെട്ട അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ ആറു പേരെ കുറിച്ചാണ് വിവരമില്ലാത്തത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ഇവര്‍ മുങ്ങിയത്. യാത്രയ്ക്കു നേതൃത്വം നല്‍കിയ നാലാഞ്ചിറയിലുള്ള പുരോഹിതന്‍ ഡിജിപി അനില്‍ കാന്തിന് പരാതി നല്‍കി.

തിരുവല്ല കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍ ഏജന്‍സി മുഖാന്തരമായിരുന്നു തീര്‍ഥാടകയാത്ര സംഘടിപ്പിച്ചത്. ഈ മാസം എട്ടിന് സംഘം കേരളത്തില്‍ നിന്ന് യാത്ര തിരിച്ചു. ഇസ്രയേലിനൊപ്പം  ഈജിപ്ത്, ജോര്‍ദാന്‍ എന്നിവിടങ്ങളിലും സന്ദര്‍ശനം നടത്താനായിരുന്നു പദ്ധതി. ഫെബ്രുവരി 11ന് തീര്‍ഥാടക സംഘം ഇസ്രയേലില്‍ എത്തി. തുടര്‍ന്ന് 14ന് എന്‍കരേം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ വെച്ച് മൂന്ന് പേരെ കാണാതായി. പിറ്റേന്ന് പുലര്‍ച്ചെ ബെത്ലഹേമിലെ ഹോട്ടലില്‍ നിന്ന് മറ്റ് മൂന്ന് പേരും മുങ്ങി. ഇവരെ കാണാതായതോടെ ഇസ്രയേല്‍ പൊലീസ് വൃത്തങ്ങളെ പരാതി അറിയിച്ചിരുന്നു. ഇവര്‍ ഹോട്ടലിലെത്തി വിവരങ്ങള്‍ ശേഖരിച്ച് മടങ്ങി. ഇതുവരെ ഒരു വിവരവും അറിവായിട്ടില്ലെന്നു പുരോഹിതൻ പറയുന്നു.

ഇസ്രായേലി പൗരത്വം ലഭിക്കുന്നത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് എളുപ്പമുള്ളതാണെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. മുന്നു മുതല്‍ അഞ്ചു വര്‍ഷം വരെ ഇസ്രായേലില്‍ തുടരുന്നവര്‍ക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്നാണ് നിയമം. ഇതൊക്കെയാവും ഇങ്ങനെ മുങ്ങുന്നവരുടെ പിന്നിൽ.

 

Be the first to comment

Leave a Reply

Your email address will not be published.


*