നോട്ട് നിരോധനം; ലക്ഷ്യം നിറവേറ്റാൻ സാധിച്ചോ?

നാളെ നവംബർ 8, ആറ് വർഷം മുൻപ് 2016 ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 രൂപയുടേയും 1000 രൂപയുടേയും നോട്ട് പിൻവലിക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുകയും, ഇന്ത്യയെ ‘ലെസ് ക്യാഷ്’ എക്കോണമി ആക്കുകയെന്നതുമായിരുന്നു നോട്ട് നിരോധനത്തിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ ആറ് വർഷത്തിനിപ്പുറവും ഈ ലക്ഷ്യം നിറവേറിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ആർബിഐ പുറത്തുവിട്ട പുതിയ കണക്ക് പ്രകാരം ഇന്ത്യയിലെ ജനങ്ങളുടെ കൈയിൽ 30.88 ലക്ഷം കോടി രൂപയാണ് ഉള്ളത്. 2016 നവംബറിൽ 17 ലക്ഷം കോടി രൂപയാണ് ഉപയോഗത്തിലുണ്ടായിരുന്നത്. അതായത് കറൻസി വിനിമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തിൽ നിന്ന് വിപരീതമായി 2016 നെ അപേക്ഷിച്ച് 71.84% അധികം കറൻസിയാണ് ഇന്ന് ജനങ്ങളുടെ പക്കലുള്ളത്. വിനിമയത്തിനായി ഉപയോഗിക്കുന്ന ആകെ മൊത്തം കറൻസിയിൽ നിന്ന് ബാങ്കിലുള്ള കറൻസി കുറയ്ക്കുമ്പോൾ കിട്ടുന്ന തുകയാണ് ഇത്. ഓൺലൈൻ പണമിടപാടുകളുടെ പ്രചാരം വർധിച്ചുവെങ്കിലും കറൻസിയുടെ ഉപയോഗം മുന്നിൽ തന്നെയാണ്.

നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് പ്രതിപക്ഷ പാർട്ടികളും സാമ്പത്തിക വിദഗ്ധരും ഒന്നടങ്കം നടത്തുന്ന ആരോപണത്തിന് ശക്തികൂട്ടുന്നതാണ് ആർബിഐ പുറത്തുവിട്ട കണക്ക്. വെറും 0.0027% വ്യാജ കറൻസികൾ മാത്രമാണ് പിടിച്ചെടുത്തതെന്ന് ആർബിഐയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ 2,000 ന്റെ പുതിയ നോട്ട് പുറത്തിറക്കിയെങ്കിലും ദിവസങ്ങൾക്ക് അകം തന്നെ 2000 ന്റെയും വ്യാജൻ പുറത്തിറങ്ങുകയായിരുന്നു. ആദായ നികുതി വകുപ്പും ഡിആർഐ വിഭാഗവും വിവിധ റെയ്ഡുകളിൽ 2,000 ന്റെ നോട്ട് പിടിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തിന് ദിവസങ്ങൾക്ക് പിന്നാലെ പിടിയിലായ തീവ്രവാദിയിൽ നിന്നും 2,000 രൂപയുടെ വ്യാജ നോട്ട് പിടിച്ചെടുത്തിട്ടുണ്ട്. 

 ‘എലിയെ പിടിക്കാൻ ഇല്ലം ചുടുന്നത്’ പോലെയായിരുന്നു കേന്ദ്രസർക്കാർ നീക്കം. നിരോധനത്തിന് പിന്നാലെ  ഇന്ത്യൻ ജനങ്ങൾ പണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്നു, ഹോൾസെയിൽ മാർക്കറ്റുകൾ തകർന്നടിഞ്ഞു, ദിവസവേതന തൊഴിലാളികളുടെ ഉപജീവനം നഷ്ടമായി, സാധാരണ മനുഷ്യരുടെ ജീവിത താളം തെറ്റി. 

കറൻസികൾ പിൻവലിക്കും മുമ്പ് പ്രത്യാഘാതങ്ങളെ കുറിച്ച് മോദി സർക്കാർ ചിന്തിച്ചിരുന്നെങ്കിൽ…   

 

Be the first to comment

Leave a Reply

Your email address will not be published.


*