തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആരംഭിക്കും. ഇതിനാവശ്യമായ സജ്ജീകരണങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭിക്കാൻ കെ സോട്ടോയുടെ അനുമതി നേടിയശേഷം മറ്റ് നടപടിക്രമംപാലിച്ച് ഒരു മാസത്തിനകം കമീഷൻ ചെയ്യും. രണ്ടാംഘട്ടം കോട്ടയം മെഡിക്കൽ കോളേജിലും ത്വക്ക് ബാങ്ക് സ്ഥാപിക്കും. ഇതിനുള്ള മാർഗനിർദേശം രൂപീകരിക്കാൻ മന്ത്രി നിർദേശം നൽകി. ആശുപത്രികളിലെ പൊള്ളൽ ചികിത്സാ യൂണിറ്റുകളെ ശക്തിപ്പെടുത്താൻ ചേർന്ന ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ത്വക്ക് സംഭരിച്ച് ആവശ്യക്കാർക്ക് വച്ചുപിടിപ്പിക്കാൻ സൗകര്യം ഒരുക്കുകയാണ് ത്വക്ക് ബാങ്കിന്റെ ലക്ഷ്യം. അപകടത്തിലും പൊള്ളലിലും ത്വക്ക് കേടുവന്നവർക്ക് അണുബാധയുണ്ടാകാതെ ജീവൻ രക്ഷിക്കാൻ ത്വക്ക് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പരിഹാരമാകും. നിലവിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ മെഡിക്കൽ കോളേജുകൾ, എറണാകുളം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപ്രതി എന്നിവിടങ്ങളിൽ പൊള്ളൽ ചികിത്സാ യൂണിറ്റുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ യൂണിറ്റ് തുടങ്ങാനുള്ള പ്രവർത്തനം പുരോഗമിക്കുന്നു. കൊല്ലം, ആലപ്പുഴ, കണ്ണൂർ മെഡിക്കൽ കോളേജുകളിൽ യൂണിറ്റ് തുടങ്ങുന്നതിന് പദ്ധതിരേഖ 15 ദിവസത്തിനകം സമർപ്പിക്കാനും നിർദേശിച്ചു. ഏകീകൃത ചികിത്സാ മാനദണ്ഡവും രൂപീകരിക്കും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കേന്ദ്രാവിഷ്കൃത പദ്ധതികൾ ഏകോപിപ്പിക്കാനും മന്ത്രി നിർദേശിച്ചു.
ത്വക്ക് ബാങ്കിൽ ചെയ്യുന്നത്:
മരിച്ചയാളുടെ പുറംതൊലി ശേഖരിച്ച് സൂക്ഷിച്ച് ആവശ്യക്കാർക്ക് നൽകും. കൈകാലുകൾ, പുറം എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും ത്വക്ക് ശേഖരിക്കുക. ശീതികരിച്ച ത്വക്ക് അഞ്ചുവർഷംവരെ സൂക്ഷിക്കും. എയ്ഡ്സ്, അർബുദ ബാധിതർക്ക് ദാതാക്കളാകാനാകില്ല. ഈ വിഷയത്തിൽ പ്രചാരണവും ശക്തമാക്കും.
Be the first to comment