‘ഒരു മാറ്റവുമില്ല’, ലാവലിൻ കേസ് മുപ്പത്തിമൂന്നാം തവണയും മാറ്റി

ദില്ലി: എസ്എൻസി ലാവലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് മുപ്പത്തിമൂന്നാം തവണയും കേസ് മാറ്റി വച്ചത്. കേസ് വീണ്ടും നവംബർ അവസാനം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വ്യക്തമാക്കി. 2017 മുതൽ കോടതിയിലുള്ള കേസാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. അനുകൂലമായോ പ്രതികൂലമായോ ഉത്തരവുണ്ടായേക്കും. രണ്ടായാലും വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതോടെ ലാവലിൻ കേസിൽ വാദം കേൾക്കാതെ യു.യു.ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് പടിയിറങ്ങും. പുതിയ ബെഞ്ചിന് മുന്നിലാകും ഇനി നവംബർ അവസാനം കേസെടുത്തുക. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരായ സിബിഐയുടെ അപ്പീലും ഹൈക്കോടതി വിചാരണ നേരിടണമെന്ന് പറഞ്ഞ മൂന്ന് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തിയത്. 

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉള്‍പ്പെടെ നാല് മുതിര്‍ന്ന അഭിഭാഷകരാണ് സിബിഐക്ക് വേണ്ടി കേസില്‍ ഹാജരാകുന്നത്. 2018 ജനുവരിയില്‍ നോട്ടീസ് അയച്ചശേഷം ഇത് 32-ാം തവണയാണ് കേസ് മാറ്റിവയ്ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഊര്‍ജ സെക്രട്ടറിയായിരുന്ന കെ.മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറിയായിരുന്ന എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ എത്തിയത്.

 

Be the first to comment

Leave a Reply

Your email address will not be published.


*