പിണറായി സൂക്ഷിക്കേണ്ടതായിരുന്നു, തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല: വെള്ളാപ്പള്ളി

ആലപ്പുഴ: യാക്കോബായ സഭ നിരണം മുന്‍ ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായിക്ക് പറയാം, മുഖ്യമന്ത്രി പറയുമ്പോള്‍ കരുതല്‍ വേണം. തകഴിയുടെ ശൈലിയില്‍ സംസാരിക്കാന്‍ പിണറായിക്കാവില്ല. ചെത്തുകാരന്റെ മകനാണ്, സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്. സ്ഥാനത്തിരിക്കുമ്പോള്‍ ആ പദവിക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കുന്നതാണ് അഭികാമ്യം. അതാണ് എപ്പോഴും നല്ലതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും കേന്ദ്രമന്ത്രി ആകില്ല. തനിക്ക് താല്‍പര്യമില്ല. കേന്ദ്രമന്ത്രി ആകുന്നതിനോട് താന്‍ എതിരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴ എല്‍ഡിഎഫ് തോല്‍ക്കാന്‍ പാടില്ലാത്ത സീറ്റാണ്. എങ്ങനെ തോറ്റു എന്ന് അവര്‍ ചിന്തിക്കണം. കോണ്‍ഗ്രസിന് അഭിമാനിക്കാവുന്ന നേട്ടമാണ് ഉണ്ടായിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും വിജയിക്കുന്ന രീതിയാണ് കുറേനാളായി കാണുന്നത്. സുരേഷ് ഗോപി വിജയിക്കുമെന്ന് വ്യക്തിപരമായി പ്രതീക്ഷിച്ചില്ല. ഈഴവരാദി പിന്നാക്കക്കാരുടെ വോട്ടുകള്‍ ഇടതിന് നഷ്ടപ്പെട്ടു. ഇടതിന്റെ ജനകീയ അടിത്തറ ഈഴവരാദി പിന്നാക്കങ്ങളാണ്. മുസ്ലിം പ്രീണനമാണ് നടന്നത്. മുസ്ലിം പ്രീണനം കൂടിയപ്പോള്‍ ക്രിസ്ത്യാനികളും പോയി. വോട്ട് വന്നപ്പോള്‍ കാന്തപുരം പോലും ഇടതുപക്ഷത്തില്ല.

പിന്നാക്ക വിഭാഗങ്ങള്‍ക്ക് പ്രത്യേക പാക്കേജുണ്ടോ? ഉള്ളവര്‍ക്ക് പിന്നെയും പിന്നെയും കൊടുക്കുന്നു. ഇല്ലാത്തവര്‍ക്ക് ഒന്നുമില്ല. ക്ഷേമ പെന്‍ഷനില്ല, മാവേലി സ്റ്റോറില്‍ സാധനങ്ങളില്ല. പാര്‍ട്ടിയില്‍ പിന്നാക്കക്കാരന് അവഗണനയാണ്. ന്യൂനപക്ഷമാണെങ്കില്‍ ഉടന്‍ എല്‍സി സെക്രട്ടറിയും എംഎല്‍എയുമാണ്. ആലപ്പുഴയില്‍ പോലും ഈഴവര്‍ക്ക് പാര്‍ട്ടിയില്‍ പരിഗണനയില്ല. ഇവിടെ ഇല്ലെങ്കില്‍ എവിടെയാണ് ലഭിക്കുക? ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായി. ആരിഫിനെ നിര്‍ത്താന്‍ പാടില്ലായിരുന്നു.

പാര്‍ട്ടി അണികള്‍ക്ക് ആരിഫിനെ സ്വീകാര്യമല്ലായിരുന്നു. മുകളില്‍ ആരിഫിന് സ്വാധീനം കാണും പക്ഷെ താഴെയില്ല. ആരിഫിനെ മത്സരിപ്പിക്കരുതെന്ന് പറഞ്ഞതാണ്. തോല്‍വിയുടെ എല്ലാ ഉത്തരവാദിത്തവും പിണറായിയുടെ തലയില്‍ വെക്കരുത്. പിണറായിക്ക് ഒരു ഭാഷാ ശൈലിയുണ്ട്. വാക്കുകൊണ്ട് രാഷ്ട്രീയം മാറി മറിഞ്ഞെന്ന് കരുതരുതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*