പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വയം രാജാവാണെന്നാണ് സതീശന്‍ കരുതുന്നത്. വിഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്. താന്‍ സത്യം വിളിച്ചു പറഞ്ഞപ്പോള്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് അഭിനന്ദിച്ചു. അവര്‍ പറയാന്‍ ആഗ്രഹിച്ചതാണ് താന്‍ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റിനെ ധിക്കരിക്കുന്ന ഒരു പ്രതിപക്ഷ നേതാവ് മുമ്പ് ഉണ്ടായിരുന്നിട്ടില്ല. കെപിസിസി പ്രസിഡന്റ് എന്തെങ്കിലും പറഞ്ഞാല്‍ ഉടനെ തന്നെ ആ മൈക്ക് വാങ്ങി സ്റ്റേജില്‍ വെച്ചു തന്നെ സതീശന്‍ എതിര് പറയുന്നത് താന്‍ കേട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ മൂലയ്ക്കിരുത്തിക്കൊണ്ടല്ലേ മുന്നോട്ടു പോയത്. കെ സുധാകരന്റെ പക്വത കൊണ്ടാണ് കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതെ പോകുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

തനിക്ക് പത്തെണ്‍പത് വയസ്സായി. ഇതിനിടയ്ക്ക് ഒട്ടേറെ കെപിസിസി പ്രസിഡന്റുമാരെയും പ്രതിപക്ഷ നേതാക്കളെയും കണ്ടിട്ടുണ്ട്. ഇത്രയും തറപറ പറയുന്ന, നിലവാരമില്ലാത്ത, ഒരു ബഹുമാനവുമില്ലാതെ സംസാരിക്കുന്ന ഒരു പ്രതിപക്ഷ നേതാവിനെ ഞാന്‍ കണ്ടിട്ടില്ല. താനാണ് രാജാവും രാജ്യവും എന്ന നിലയിലല്ലേ പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. കെപിസിസി പ്രസിഡന്റിന് എന്തെങ്കിലും അംഗീകാരം കൊടുക്കുന്നുണ്ടോയെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.

 രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മോശമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. ഒന്നാം പിണറായി സര്‍ക്കാരിനേക്കാള്‍ ഒട്ടും മെച്ചമല്ല രണ്ടാമത്തേത്. അത് അവര്‍ക്കിടയില്‍ തന്നെ ചര്‍ച്ചയാണ്. അത് തിരുത്താന്‍ വേണ്ട നിര്‍ദേശങ്ങള്‍ ഉയരുന്ന കാലഘട്ടത്തില്‍ താന്‍ സത്യമല്ലേ പറയേണ്ടത്. പുതുതായി വന്ന മന്ത്രിമാരില്‍ നിന്നും അവരില്‍ നിന്നും പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് കാണുന്നില്ല. സര്‍ക്കാരിന്റെ ഗ്രാഫ് താഴേക്ക് പോയി. അതേസമയം മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴേയ്ക്ക് പോയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*