ഉത്തരേന്ത്യയിലെ പ്രധാന പലഹാരങ്ങളിൽ ഒന്നായ സോൻ പാപ്ഡി ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്ന് പതഞ്ജലിയുടെ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി. പിത്തോരാഗഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആണ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ക്ക് ആറ് മാസം തടവും പിഴയും വിധിച്ചത്.
പതഞ്ജലി ആയൂർവേദ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ അഭിഷേക് കുമാർ, കച്ചവടക്കാരനായ ലീലാ ധർ പഥക്, വിതരണക്കാരനായ അജയ് ജോഷി എന്നിവർക്കാണ് കോടതി പിഴയും തടവ് ശിക്ഷയും വിധിച്ചത്.
2019 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. ബെറിനാഗിലെ മാർക്കറ്റിൽ പതഞ്ജലിയുടെ ഉത്പന്നങ്ങൾ വിൽക്കുന്ന ലീലാ ധർ പഥകിന്റെ കടയിൽ ഭക്ഷ്യസുരക്ഷാ ഇൻസ്പെക്ടർ പരിശോധന നടത്തുകയായിരുന്നു. തുടർന്ന് പതഞ്ജലി നവരത്‌ന എലൈച്ചി സോൻ പാപ്ഡി പരിശോധനയ്ക്ക് എടുക്കുകയായിരുന്നു.
തുടർന്ന് നടത്തിയ ഫോറൻസിക് പരിശോധനയിലാണ് സോൻ പാപ്ഡിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. കേസിൽ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസർ മൂന്ന് പേർക്കെതിരെയും കേസെടുക്കുകയായിരുന്നു.
കോടതിയിൽ എത്തി വിശദമായ വാദത്തിനൊടുവിലാണ് ജസ്റ്റിസ് സഞ്ജയ് സിങ് ശിക്ഷ വിധിച്ചത്. 2006ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ സെക്ഷൻ 59 പ്രകാരം ലീലാ പഥകിന് 5000 രൂപയും അജയ് ജോഷിക്ക് 10000 രൂപയും അഭിഷേക് കുമാറിന് 25000 രൂപയും പിഴയും മൂന്ന് പേർക്കും ആറ് മാസം തടവും വിധിക്കുകയായിരുന്നു.
മൂന്ന് പ്രതികളും പിഴ ഒടുക്കിയില്ലെങ്കിൽ ഏഴ് ദിവസം മുതൽ ആറ് മാസം വരെ അധിക തടവ് അനുഭവിക്കണമെന്നും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി. അതേസമയം പതഞ്ജലി സ്ഥാപകൻ ബാബാ രാംദേവ് ഉൾപ്പെടെയുള്ളവർക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് നൽകിയ കേസിൽ വിധി പറയാനായി സുപ്രീം കോടതി മാറ്റിവച്ചു.
Be the first to comment