ഓസ്ട്രേലിയയയിൽ കുട്ടികൾക്കും കൗമാരക്കാർക്കും സമൂഹമാധ്യമങ്ങൾ വിലക്കിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 16 വയസിന് താഴെ പ്രായമുള്ളവർക്ക് സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് എടുക്കുന്നതിനാണ് നിരോധനം ഏർപ്പെടു്തിയത്. ഈ നയം അടുത്ത വർഷം രാജ്യത്ത് നിലവിൽ വരും. ഇത് പാലിക്കുന്നതിനായി കുട്ടികൾക്ക് അക്കൗണ്ട് എടുക്കാൻ പറ്റാത്ത തരത്തിൽ ആപ്പുകളിൽ മാറ്റം കൊണ്ടുവരണമെന്ന് ഓസ്ട്രേലിയൻ ഭരണകൂടം സമൂഹ മാധ്യമ കമ്പനികളോട് ആവശ്യപ്പെട്ടു.
രാജ്യത്ത് ഏറെ കാലമായി ചർച്ച ചെയ്തിരുന്ന നിയമമാണിത്. ഇന്നാണ് ഓസ്ട്രേലിയൻ പാർലമെന്റിന്റെ ഇരു സഭകളും നിയമത്തിന് അംഗീകാരം നൽകിയത്. സെനറ്റിൽ ബില്ലിന് 34 പേർ അംഗീകാരം നൽകിയപ്പോൾ 19 പേർ എതിർത്തു. പ്രതിനിധി സഭയിൽ 13 നെതിരെ 102 വോട്ടുകൾക്ക് നയം പാസായി. സെനറ്റിൽ പ്രതിപക്ഷം മുന്നോട്ട് വെച്ച ഭേദഗതികളിൽ പ്രതിനിധി സഭ തീരുമാനമെടുത്തിട്ടില്ല. എങ്കിലും സർക്കാർ ഉത്തരവിറക്കിയതോടെ നിയമം പാസായി.
പുതിയ നിയമം നടപ്പാക്കാൻ സമൂഹ മാധ്യമങ്ങൾക്ക് ഒരു വർഷം വരെ സമയം അനുവദിച്ചിട്ടുണ്ട്. അതുകഴിഞ്ഞും പുതിയ ചട്ടം ലംഘിക്കുന്ന സമൂഹ മാധ്യമ കമ്പനികൾക്ക് രാജ്യത്ത് വലിയ തുക പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ചട്ടലംഘനത്തിന് 50 ദശലക്ഷം ഓസ്ട്രേലിയൻ ഡോളറാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ സർക്കാരിൻ്റെ തീരുമാനത്തെ വിമർശിച്ച് ഫെയ്‌സ്ബുക്, ഇൻസ്റ്റഗ്രാം അടക്കം സമൂഹമാധ്യമങ്ങളുടെ ഉടമസ്ഥാവകാശമുള്ള യുഎസ് കമ്പനി മെറ്റ രംഗത്തെത്തി. തിടുക്കത്തിൽ പാസാക്കിയ നിയമമാണിതെന്നും നിയമത്തിൽ വ്യക്തതയില്ലെന്നുമാണ് മെറ്റയുടെ പ്രതികരണം.
Be the first to comment