സോളാർ ഗൂഢാലോചനാ കേസ്; ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം, കോടതി നിർദ്ദേശം

സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാർ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമൻസ് അയച്ചിട്ടുണ്ട്. 

കെ.ബി.ഗണേഷ് കുമാർ എം എൽ എ യ്ക്കും പരാതിക്കാരിയ്ക്കും എതിരെയാണ് സോളാർ പീഡന ഗൂഢാലോചനക്കേസ്. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കൊട്ടാരക്കര കോടതിയെടുത്ത കേസിൽ പരാതിക്കാരിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാർ എം എൽ എ. സമൻസിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൊട്ടാരക്കര കോടതി കേസ് വീണ്ടും പരിഗണിച്ചത്. അടുത്ത മാസം 18 ന് കെ.ബി.ഗണേഷ് കുമാർ നേരിട്ട് ഹാജരാകാനാണ് നിർദ്ദേശം. പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണം.

കോൺഗ്രസ് പ്രവർത്തകനും അഭിഭാഷകനുമായ അഡ്വ. സുധീർ ജേക്കബാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സോളാർ പരാതിക്കാരി എഴുതിയ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്ന് സിബിഐയും കണ്ടെത്തിയിരുന്നു. 

 

Be the first to comment

Leave a Reply

Your email address will not be published.


*