അതിരമ്പുഴ: വർഷങ്ങളായി ഏറ്റുമാനൂർ – നീണ്ടൂർ റോഡിൽ കോട്ടമുറി ജംഗ്ഷന് സമീപം റോഡിൽ രൂപപ്പെട്ടിരുന്ന വെള്ളക്കെട്ട് നാട്ടുകാർക്കും വഴിയാത്രക്കാർക്കും ദുരിതമായിരുന്നു സമ്മാനിച്ചിരുന്നത്. താഴ്ന്ന പ്രദേശമായതിനാൽ ഇവിടേക്കു നാല് വശങ്ങളിൽ നിന്നുമുള്ള വെള്ളമാണ് ഒഴുകിയെത്തിയിരുന്നത്.
റോഡ് നിർമാണത്തിലെ അപാകത ചൂണ്ടികാണിച്ചു നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. വെള്ളം ഒഴുകി പോകുന്നതിനു സംവിധാനമില്ലാത്തതായിരുന്നു കാരണം. തുടർന്നാണ് സമീപവാസിയായ കോട്ടയിൽ ജെയിംസ് ലൂക്ക സ്വന്തം പുരയിടത്തിൽ കൂടി വെള്ളം തിരിച്ചു വിടുന്നതിന് അനുവാദം നൽകുന്നത്. ഇതോടു കൂടി റോഡരികു വഴി അരികുചാൽ നിർമിക്കുകയും, ഷോൾഡറുകൾ ഉയർത്തുകയും ചെയ്യുന്നതോടെ പ്രശ്ന പരിഹാരം ആവും. വർഷങ്ങളായുള്ള നാട്ടുകാരുടെ ദുരിതത്തിനാണ് ജെയിംസ് ലൂക്കയുടെ ഹൃദയവിശാലതയിൽ ആശ്വാസമാകുന്നത്. ഇന്ന് ജെയിംസ് ലൂക്ക നാട്ടുകാരുടെ ഹീറോയാണ്.
ഇന്നലെ യൂത്ത് കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റി ജെയിംസ് ലുക്കിനെ ആദരിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിബിൻ വലിയേരി, ജനറൽ സെക്രട്ടറി മനോജ് മാങ്ങാപറമ്പിൽ, ഏറ്റുമാനൂർ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുബിൻ സാബു, ഡിസിസി ജനറൽ സെക്രട്ടറി നീണ്ടൂർ മുരളി, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ആയ റോണി തങ്കച്ചൻ, കൊച്ചുമോൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
Be the first to comment