മകന്‍ കടലക്കറിയില്‍ വിഷം ചേര്‍ത്തു; ശശീന്ദ്രന്റെ മരണം കൊലപാതകം

തൃശൂര്‍ അവണൂരിലെ ശശീന്ദ്രന്റെ ദുരൂഹ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പക കാരണം മകന്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു. അച്ഛനെ കൊന്നു എന്ന് സമ്മതിച്ച് മകന്‍ മൊഴി നല്‍കി. മകന്‍ മയൂര്‍നാഥിന്റെ മൊഴി രേഖപ്പെടുത്തി. മെഡിക്കല്‍ കോളജ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. മയൂര്‍നാഥ് ആയുര്‍വേദ ഡോക്ടര്‍ ആണ്. സ്വത്തു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ഓണ്‍ലൈന്‍ വഴി വാങ്ങിയ പ്രതി വിഷം കടലക്കറിയിലാണ് കലര്‍ത്തിയത്.

ഞായറാഴ്ച, വീട്ടിലുണ്ടാക്കിയ ഇഡ്ഡലിയും സാമ്പാറും കടലക്കറിയും കഴിച്ചതിനു പിന്നാലെ രക്തം ഛർദിച്ച് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. ശശീന്ദ്രന്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം മകനെ ഉച്ചയോടെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഏറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

മയൂർനാഥ് അടുത്തിടെ കുടൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാല്‍ തന്നെ പ്രത്യേകം തയാറാക്കിയ ദ്രവരൂപത്തിലുള്ള ഭക്ഷണമായിരുന്നു മകന്‍ കഴിച്ചിരുന്നതെന്ന് ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിരുന്നു. എല്ലാവരും കഴിച്ച ഭക്ഷണം മയൂർനാഥ് കഴിക്കാതിരുന്നത് അതുകൊണ്ടാണെന്ന വിശദീകരണത്തിൽ പൊലീസിന് സംശയം തോന്നിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*