‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെ, പണം കൊടുത്ത് അവകാശം വാങ്ങി; വ്യക്തമാക്കി ഗണപതിയും ഷോൺ ആന്റണിയും

മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ ‘കൺമണി അൻപോട്’ എന്ന ഗാനം ഉപയോഗിച്ചത് അനുമതിയോടെയാണെന്ന് ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടറും നടനുമായ ഗണിപതിയും ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ഷോൺ ആന്റണിയും.

സിനിമയുടെയും പാട്ടിന്റെയും അവകാശമുള്ള പ്രൊഡക്ഷൻ ഹൗസിൽ നിന്ന് പണം നൽകിയാണ് ഗാനത്തിന്റെ റൈറ്റ്‌സ് വാങ്ങിയത്. നിലവിൽ ഇളയരാജ അയച്ചെന്ന് പറയുന്ന വക്കീൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും നോട്ടീസ് ലഭിച്ചാൽ അത് നിയമപരമായി നേരിടുമെന്നും ഷോൺ ആന്റണി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകൻ ഇളയരാജ മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന് എതിരെ വക്കീൽ നോട്ടീസ് അയച്ചത്. ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘കൺമണി അൻപോട്’ എന്ന ഗാനം തന്റെ അനുമതി ഇല്ലാതെയാണ് ഉൾപ്പെടുത്തിയതെന്നാണ് ഇളയരാജയുടെ ആരോപണം.

കമൽഹാസൻ നായകനായി 1991-ൽ പുറത്തിറങ്ങിയ ‘ഗുണ’ എന്ന തമിഴ് ചിത്രത്തിലെ ഗാനമാണ് ‘കൺമണി അൻപോട് കാതലൻ’. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ പ്രധാനരംഗങ്ങളിൽ ഗുണ സിനിമയും ഈ ഗാനവും വരുന്നുണ്ട്.

എന്നാൽ തന്റെ അനുമതി തേടാതെയാണ് ഗാനം ഉപയോഗിച്ചതെന്നും ടൈറ്റിൽ കാർഡിൽ കടപ്പാട് വച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്നും, ചൂണ്ടിക്കാട്ടിയാണ് ഇളയരാജ മഞ്ഞുമ്മൽ ബോയ്സിന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

പകർപ്പവകാശ നിയമം ലംഘിച്ചെന്നാണ് പ്രധാന ആരോപണം. ഗാനം ഉപയോഗിക്കുമ്പോൾ ഒന്നുകിൽ അനുമതി തേടണമായിരുന്നുവെന്നും അല്ലെങ്കിൽ ഉപയോഗിക്കാൻ പാടില്ലായിരുന്നുവെന്നും നോട്ടീസിൽ ഇളയരാജ പറയുന്നു. ഉചിതമായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും പാട്ട് സിനിമയിൽ നിന്ന് പിൻവലിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*