സൂരജ് വധക്കേസ് :”ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് ഞങ്ങള്‍ കാണുന്നില്ല; അപ്പീല്‍ നല്‍കും” ; എം വി ജയരാജന്‍

കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവര്‍ത്തകന്‍ സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കായി അപ്പീല്‍ നല്‍കുമെന്ന് എം വി ജയരാജന്‍. ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികള്‍ ആണെന്ന് തങ്ങള്‍ കാണുന്നില്ലെന്നും നിരപരാധിത്വം കോടതിക്ക് മുന്നില്‍ തെളിയിക്കാനായി പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പ്രതികളായവര്‍ ആളുകളെ കൊന്നെന്നു പറഞ്ഞാല്‍ ജനം വിശ്വസിക്കില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

വിധിയുടെ വിശദാംശങ്ങളോ വിധി പകര്‍പ്പോ മനസിലാക്കിയിട്ടില്ല. എന്തായാലും നേരത്തെ കോടതി കുറ്റക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഒരാളെ നിരപരാധിയാണെന്ന് കണ്ടെത്തി കുറ്റവിമുക്തനാക്കി. ബാക്കി ഒന്‍പത് പേരുണ്ട്. അതില്‍ ഒരാളെ ജീവപര്യന്തത്തിനല്ല ശിക്ഷിച്ചത് എന്നാണ് അറിയുന്നത്. അയാളുടെ ശിക്ഷ എത്രയാണെന്നും അറിയില്ല. എന്തായാലും ശിക്ഷിക്കപ്പെട്ടവര്‍ കുറ്റവാളികളാണെന്ന് ഞങ്ങള്‍ കാണുന്നില്ല. കോടതി തെളിവുകളും വസ്തുതകളും നോക്കിയാകും ഇപ്പോള്‍ ശിക്ഷ വിധിച്ചത്. എന്നാല്‍ അതിനു മേലെ നിരപരാധികളായ, ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുക്കും. അവരുടെ നിരപരാധിത്വം തെളിയിക്കാന്‍ വേണ്ടി പരിശ്രമിക്കും – അദ്ദേഹം വിശദമാക്കി.

പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറിയെയടക്കം പ്രതിയാക്കിക്കളഞ്ഞില്ലേ എന്നും അദ്ദേഹം ചോദിച്ചു. 20 കൊല്ലം മുന്‍പ് പാര്‍ട്ടിയുടെ അന്നത്തെ എടക്കാട് ഏരിയ സെക്രട്ടറിയെയടക്കം കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും എം വി ജയരാജന്‍ ആരോപിച്ചു. അദ്ദേഹം മരണപ്പെട്ടു പോയില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ജയിലില്‍ കിടക്കേണ്ടി വരില്ലായിരുന്നോ എന്നും ചോദിച്ചു.

കീഴ്‌കോടതി വിധി അന്തിമമല്ലെന്നും അവരെ രക്ഷിക്കാന്‍ വേണ്ടി നിയമത്തിന്റെ എന്തെല്ലാം വഴികളുണ്ടോ അതെല്ലാം തേടുമെന്നും എം വി ജയരാജന്‍ വ്യക്തമാക്കി. പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും പൂര്‍ണ സംരക്ഷണം അവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സൂരജ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്ക് അഭിവാദ്യങ്ങളുമായി സിപിഐഎം പ്രവത്തകര്‍. തലശ്ശേരി കോടതി വളപ്പിലാണ് പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങളുമായി എത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*