
ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബൽജീത് മാലിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി അജയ് സേത്തിയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. സൗമ്യയുടെ കൊലപാതകം നടന്ന് കൃത്യം 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറത്തുവരുന്നത്. ഡല്‍ഹി സാകേത് കോടതിയുടേതാണ് വിധി. ഹൈഡ്‌ലൈന്‍സ് ടുഡേയിൽ പ്രോഗ്രാം പ്രൊഡ്യുസർ ആയിരുന്ന സൗമ്യ 2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ ജോലി കഴിഞ്ഞു മടങ്ങവേ ആണ് കൊല ചെയ്യപ്പെട്ടത്.
കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് ഒക്ടോബര്‍ 18 നായിരുന്നു കോടതി വിധിച്ചത്. സൗമ്യയുടെ കൊലപാതകം നടന്ന് കൃത്യം 15 വര്‍ഷവും ഒരു മാസവും പിന്നിടുന്ന ദിനത്തിലായിരുന്നു വിധി. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂറും, അമിത് ശുക്ലയും, അജയ് കുമാറും, ബൽജീത് മാലിക്കും കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം അഞ്ചാം പ്രതി അജയ് സേത്തിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും ഗൂഢാലോചനയുൾപ്പെടെ മറ്റു കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.
ഐ പി സി 302, 34 വകുപ്പുകളും, മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിലെ (മകോക) 3(1)(i) വകുപ്പുമാണ് ആദ്യ നാലുപേർക്കെതിരെ ചുമത്തിയത്. അജയ് സേത്തിക്കെതിരെ ഐ പി സി 411 വകുപ്പ് പ്രകാരവും മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിലെ 3(2), 3(5) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കുറ്റം ചുമത്തിയത്.
Be the first to comment