മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ദയനീയമായി തോറ്റിട്ടും മുംബൈ ഇന്ത്യന്‍സ് നായകന്‍ ചിരിച്ചുകൊണ്ട് പതിവു വാക്കുകള്‍ ഉപയോഗിച്ച് തോല്‍വിയെ ന്യായീകരിച്ചതിനെതിരെ തുറന്നടിച്ച് ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയ്ൻ. ഒരു മത്സരം തോറ്റാല്‍ അതിനെക്കുറിച്ച് സത്യസന്ധമായി മറുപടി പറയാതെ പതിവ് വാക്കുകള്‍ ഉപയോഗിച്ച് മറുപടി പറയുകയും തോല്‍വിയുടെ വിഷമമൊന്നും മുഖത്ത് കാട്ടാതെ ചിരിച്ചുകൊണ്ടു നില്‍ക്കുകയും ചെയ്യുന്ന നായകന്‍മാരെയാണ് സ്റ്റെയ്ൻ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.
ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിക്കുശേഷം മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തോല്‍വിയെ ന്യായീകരിക്കാനായി ഉപയോഗിച്ച വാക്കുകളാണ് സ്റ്റെയ്നിനെ ചൊടിപ്പിച്ചത്. കളിക്കാര്‍ തോല്‍വിക്കുശേഷം അതിന്‍റെ കാരണം സത്യസന്ധമായി പറയുന്നൊരു കാലത്തിലേക്കാണ് താന്‍ ഉറ്റുനോക്കുന്നതെന്ന് ഡെയ്ല്‍ സ്റ്റെയ്ൻ ട്വിറ്ററില്‍ പറഞ്ഞു.
I really look forward to the day players might say what’s honestly on their mind. Instead we some how dumbed ourselves and our minds into saying the usual safe thing, lose the next game, smile and then repeat that nonsense again. 🙄
PS. Qdk, I love you
— Dale Steyn (@DaleSteyn62) April 22, 2024
അല്ലാതെ പതിവ് പല്ലവികള്‍ ആവര്‍ത്തിക്കുകയും അടുത്തകളിയിലും അതുപോലെ വന്ന് തോറ്റ് നില്‍ക്കുകയും ചെയ്യുന്ന മണ്ടത്തരങ്ങള്‍ കാണാനല്ല താന്‍ ആഗ്രഹിക്കുന്നതെന്നും സ്റ്റെയ്ൻ എക്സ് പോസ്റ്റില്‍ കുറിച്ചു. എല്ലാം തുറന്നു പറയാനല്ലെ ഡ്രസ്സിംഗ് റൂം എന്ന് സ്റ്റെയ്നിന്‍റെ പോസ്റ്റിന് താഴെ പാര്‍ഥോ ചാറ്റര്‍ജി എന്നൊരു ആരാധകന്‍ കമന്‍റായി കുറിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഡ്രസ്സിംഗ് റൂം എന്നത് കിറ്റ് വെക്കാനുള്ള സ്ഥലമാണെന്നും ഫീല്‍ഡ് എന്നത് കളിക്കാനുള്ള സ്ഥലമാണെന്നും വാര്‍ത്താ സമ്മേളനമെന്നത് സത്യസന്ധമായി അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്ഥലമാണെന്നും സ്റ്റെയ്ന്‍ കുറിച്ചു.
The dressing room is meant for your kit.
The field is meant for where you play.
The press room is meant for honesty.— Dale Steyn (@DaleSteyn62) April 23, 2024
തോല്‍വിക്കുശേഷം ക്യാപ്റ്റൻമാര്‍ ട്രസ്റ്റിംഗ് ദ് പ്രോസസ്, സ്റ്റിക്കിംഗ് ടു ദ് ബേസിക്സ് തുടങ്ങിയ പതിവ് വാക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ ആയിരുന്നു സ്റ്റെയ്നിന്‍റെ വിമര്‍ശനം. മുംബൈയുടെ തോല്‍വിക്കൊപ്പം ആരാധകരെ നിരാശരാക്കുന്നതായിരുന്നു ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനവും. രണ്ടോവറില്‍ 21 റണ്‍സ് വഴങ്ങിയ പാണ്ഡ്യ ബാറ്റിംഗിനിറങ്ങി 10 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായിരുന്നു.
മത്സരശേഷം തോല്‍വിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ആകെ മൊത്തത്തില്‍ ഞങ്ങള്‍ ചെയ്തതൊന്നും ശരിയായില്ലെന്നും രാജസ്ഥാനായിരുന്നു ഞങ്ങളെക്കാള്‍ മികച്ച ടീമെന്നും ഹാര്‍ദ്ദിക് പറഞ്ഞിരുന്നു. കളിക്കുശേഷം ഓരോ കളിക്കാരന്‍റെ പ്രകടനത്തെക്കുറിച്ച് അവരോട് പറയാനാവില്ലെന്നും അവരെല്ലാം പ്രഫഷണലുകളാണെന്നതിനാല്‍ അവരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് അവര്‍ക്ക് നന്നായി അറിയാമെന്നും പറഞ്ഞ പാണ്ഡ്യ തെറ്റുകളില്‍ നിന്ന് പാഠം പഠിച്ചായിട്ടായിരിക്കും അടുത്ത കളിയില്‍ ഇറങ്ങുകയെന്നും വ്യക്തമാക്കിയിരുന്നു.
Be the first to comment