ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് വിഭജന കാര്യത്തില്‍ ധാരണയെത്താനാവാതെ എസ്പിയും കോണ്‍ഗ്രസും. തിങ്കളാഴ്ച രാത്രി നടന്ന ചര്‍ച്ചയില്‍ മൂന്ന് സീറ്റുകളെ ചൊല്ലിയാണ് ധാരണയിലെത്താന്‍ കഴിയാതെ പോയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 17 ലോക്‌സഭ സീറ്റുകള്‍ നല്‍കാമെന്നാണ് എസ്പിയുടെ വാഗ്ദാനം.
കോണ്‍ഗ്രസ് ആവശ്യപ്പെട്ട മൊറാദാബാദ്, ബിജ്‌നോര്‍, ബല്ലിയ സീറ്റുകളെ ചൊല്ലിയാണ് സീറ്റ് വിഭജനം വഴിമുട്ടി നില്‍ക്കുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മൊറാദാബാദ് സീറ്റില്‍ എസ്പി വിജയിച്ചിരുന്നു. മൊറാദാബാദ് മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. വളരെ ചെറിയ വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്.
എസ്പിയുടെ ശക്തിദുര്‍ഗമായ ബല്ലിയ സീറ്റും ബിജ്‌നോറും കോണ്‍ഗ്രസ് ആവശ്യപ്പെട്ടെങ്കിലും വിട്ടുതരാനാവില്ലെന്ന നിലപാടാണ് അഖിലേഷ് യാദവ് സ്വീകരിച്ചത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അഖിലേഷ് യാദവിന് ക്ഷണമുണ്ടായിരുന്നു. സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയതിന് ശേഷം പങ്കെടുക്കാമെന്നാണ് അഖിലേഷ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട്.
Be the first to comment