
ബംഗളൂരു: ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വീണ്ടും ഇന്ത്യയ്ക്ക് അഭിമാനമായി ഐഎസ്ആര്‍ഒ. ബഹിരാകാശത്ത് വച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സ്‌പെഡെക്‌സ് ദൗത്യത്തിന്റെ തുടര്‍ച്ചയായി ഉപഗ്രഹങ്ങളെ പരസ്പരം വേര്‍പെടുത്തുന്ന ഡീ- ഡോക്കിങ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ബഹിരാകാശരംഗത്ത് ആഗോളതലത്തില്‍ ഇന്ത്യയുടെ യശസ് ഐഎസ്ആര്‍ഒ ഉയര്‍ത്തിയത്.
ഐഎസ്ആര്‍ഒയുടെ നേട്ടത്തെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അഭിനന്ദിച്ചു. ഇന്ത്യയുടെ ഭാവി ബഹിരാകാശ അഭിലാഷങ്ങളിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.ഡീ-ഡോക്കിങ് ഇന്ത്യയുടെ ബഹിരാകാശ സ്റ്റേഷന്‍, ചന്ദ്രയാന്‍ 4, ഗഗന്‍യാന്‍ എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന പദ്ധതികള്‍ക്ക് കരുത്തുപകരുമെന്നും മന്ത്രി എക്‌സില്‍ കുറിച്ചു.
ഡീ ഡോക്കിങ്ങിന്റെ ഭാഗമായി ചേസര്‍, ടാര്‍ഗെറ്റ് ഉപഗ്രഹങ്ങളെയാണ് ബഹിരാകാശത്ത് വച്ച് വേര്‍പെടുത്തിയത്. ഡിസംബര്‍ 30നാണ് സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് വിക്ഷേപിച്ചത്. സ്പെഡെക്സ് ദൗത്യത്തിന്റെ ഭാഗമായി പിഎസ്എല്‍വി സി 60 റോക്കറ്റ് ആണ് ഇരട്ട ഉപഗ്രങ്ങളെ വഹിച്ച് ബഹിരാകാശത്തേയ്ക്ക് കുതിച്ചത്. വെവ്വേറെ വിക്ഷേപിച്ച രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണ ദൗത്യം ജനുവരിയില്‍ ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡീ- ഡോക്കിങ് സാങ്കേതികവിദ്യയിലും ഐഎസ്ആര്‍ഒ കഴിവ് തെളിയിച്ചത്.
Be the first to comment