ഏറ്റുമാനൂർ • ശുദ്ധമായ പാൽ ഉറപ്പു വരുത്താനും ക്ഷീരമേഖലയെ സംരക്ഷിക്കാനും ഡെയറി ഫാമുകൾ പ്രോത്സാഹിപ്പിക്കണമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ജന്മനാട്ടിൽ പൗരസമിതി നൽകിയ സ്വീകരണത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ക്ഷീരമേഖലയെ അഭിവൃദ്ധിപ്പെടുത്താൻ കേന്ദ്ര സർക്കാർ പ്രത്യേക പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. പദ്ധതിക്ക് 60% ഫണ്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിലൂടെ ജനങ്ങളിലേക്കെത്തിക്കും.
കേരളത്തിലേക്കു സിന്തറ്റിക് പാലിന്റെ വലിയ കുത്തൊഴുക്ക് ഉണ്ടാകുന്നുണ്ട്. ക്ഷീരമേഖലയുടെ തകർച്ച മൂലമാണു കൃത്രിമപ്പാൽ കേരളത്തിലേക്ക് എത്തുന്നത്. സ്വന്തം നിലയിൽ പാൽ ഉൽപാദിപ്പിക്കുകയാണ് ഇതു തടയാനുള്ള മാർഗമെന്നും മന്ത്രി പറഞ്ഞു. കാർഷികമേഖലയിലെ ഉന്നമനത്തിനു കർഷകരുമായി ചർച്ച ചെയ്തു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കും. തീരദേശ മേഖലയിലെ പ്രശ്നങ്ങൾ വിശദമായി പഠിച്ച് മത്സ്യത്തൊഴിലാളികളുമായി ചർച്ച ചെയ്ത് ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പള്ളി വികാരി ഫാ. ജോസഫ് വടക്കേ നെല്ലിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. കോതനല്ലൂർ ഫൊറോന വികാരി ഫാ. സെബാസ്റ്റ്യൻ പടിക്കക്കൊഴുപ്പിൽ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജോർജ് ഗർവാസീസ്, കാണക്കാരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരൻ, വൈസ് പ്രസിഡന്റ് ബിജു പഴയപുരയ്ക്കൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ആഷാമോൾ ജൂബി, നമ്പ്യാകുളം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോയി ഗർവാസീസ് വെള്ളാമറ്റത്തിൽ, നമ്പ്യാകുളം സീനിയർ സിറ്റിസൻ അസോസിയേഷൻ സെക്രട്ടറി കെ.ടി.ജോൺ കുപ്പത്താനം, മൈലപ്പറമ്പിൽ കുടുംബയോഗം രക്ഷാധികാരി ഫാ. ജോസഫ് മൈലപ്പറമ്പിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കൊച്ചുറാണി സെബാസ്റ്റ്യൻ, പി.ജി.മെറിൻ തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment