
തൊണ്ണൂറുകളിൽ ജനിച്ച മുഴുവൻ ആളുകളും ഒരുപക്ഷെ ആദ്യമോ രണ്ടാമതോ ഒക്കെയായി കണ്ട ഹോളിവുഡ് ത്രില്ലർ സിനിമയായിരിക്കും ജാൻ ഡി ബോണ്ട് സംവിധാനം ചെയ്ത സ്പീഡ്. 1994ലാണ് സിനിമ ഇറങ്ങുന്നത്. ‘ഉദ്വേഗഭരിതം’ എന്ന് അക്ഷരാർത്ഥത്തിൽ പറയാവുന്നതരം വികാരവിക്ഷോഭത്തോടെ നമ്മൾ ഓരോരുത്തരും കണ്ടു തീർത്ത സിനിമയാണത്. കഥ ഏതൊരു സർവൈവർ ത്രില്ലറിനും സമാനമായത് തന്നെ. എന്നാൽ തൊണ്ണൂറുകളിൽ എങ്ങനെ ഇത്തരമൊരു സിനിമ ഇത്രയും സാങ്കേതിക തികവോടുകൂടി ചെയ്തു എന്നത്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു അതിന്റെ മേക്കിങ്.
സിനിമകാണുന്ന സകലരെയും ഒരു മണിക്കൂര്‍ 56 മിനിറ്റ് നേരം ഒരു ബസിൽ കയറ്റി ‘ജീവൻ പണയംവച്ച് നടത്തുന്ന ഒരു യാത്രയ്ക്ക്’ കൊണ്ടുപോയ സ്പീഡ് ഇറങ്ങിയിട്ട് 30 വർഷം പിന്നിടുന്നു എന്നത് ഞെട്ടലോടെയല്ലാതെ തിരിച്ചറിയാനാവില്ല. കാരണം സാങ്കതികമായി ഇന്നത്തെ കാഴ്ചക്കാരുമായിപോലും അതിന് സംവേദനം സാധ്യമാകുന്നു എന്നതാണ്.
ഒരു ബസിൽ അക്രമിസംഘം ബോംബുവയ്ക്കുന്നതും അതിലുള്ള യാത്രക്കാരെ ഹാരി, ജാക്ക് എന്നീ അമേരിക്കൻ പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തുന്നതുമാണ് സിനിമയുടെ കഥ. ബോംബ് ആക്ടിവേറ്റ് ആകണമെങ്കിൽ ബസ് മണിക്കൂറിൽ 50 മൈൽ വേഗതയിൽ എത്തണം. ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ പിന്നെ 50ൽ താഴേയ്ക്കുപോയാൽ ബസ് പൊട്ടിത്തെറിക്കും. ബസിന്റെ സ്പീഡ് 50 മൈലായി നിലനിർത്തിക്കൊണ്ടു തന്നെ അതിലെ യാത്രക്കാരെ മുഴുവൻ രക്ഷപ്പെടുത്തുക എന്നതാണ് ഹാരിയുടെയും ജാക്കിന്റെയും ദൗത്യം.
ജാക്കാണ് ബസിൽ കയറി ആളുകളെ രക്ഷപ്പെടുത്താൻ പോകുന്നത്. കിയനൂ റീവ്സ് ആണ് ജാക്കായി എത്തുന്നത്. ബസിന്റെ ഡ്രൈവർക്ക് വെടിയേറ്റ് പരുക്കുപറ്റുന്ന സാഹചര്യത്തിൽ ബസിന്റെ വേഗത കുറയ്ക്കാതെ തന്നെ ഡ്രൈവറെ മാറ്റേണ്ടി വരികയാണ്. അങ്ങനെ ബസിൽത്തന്നെ ഉണ്ടായിരുന്ന ആനി എന്ന പെൺകുട്ടി ഡ്രൈവർസീറ്റിലേക്ക് വരുന്നു. ആനിയായെത്തുന്നത് സാൻഡ്ര ബുള്ളക്കാണ്. പിന്നെ ജാക്കും സാൻഡ്രയുമാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്.
1993 ലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ലോസാഞ്ചലസിൽ സെപ്റ്റംബറിൽ തുടങ്ങിയ ചിത്രീകരണം ഡിസംബറിലാണ് അവസാനിക്കുന്നത്. ആ കാലത്ത് ഇത്തരത്തിൽ സാങ്കേതികത്തികവുള്ള സിനിമ എങ്ങനെ രണ്ടുമൂന്ന് മാസത്തിനുള്ളിൽ ചിത്രീകണം പൂർത്തിയാക്കി എന്നതാണ് നമ്മളിൽ അൽഭുതമുണ്ടാക്കുന്ന കാര്യം. മാത്രവുമല്ല, പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച കിയനു റീവിസിന്റെ അടുത്ത സുഹൃത്തായ നടൻ റിവർ ഫീനിക്സിന്റെ മരണം നടക്കുന്നതും ഈ സിനിമയുടെ ചിത്രീകരണ സമയത്താണ്. അന്ന് വലിയ വിഷാദത്തിലായിരുന്ന റീവിസിനു സംവിധായകൻ ജാൻ ഡി ബോണ്ട് താരതമ്യേനെ സങ്കീർണത കുറഞ്ഞ സീനുകൾ നൽകുകയായിരുന്നു.
മുപ്പത് വർഷങ്ങൾക്കിപ്പുറം വീണ്ടും സ്പീഡിലെ സീനുകൾ കാണുമ്പോൾ തൊണ്ണൂറുകളിൽ ജനിച്ച ഓരോരുത്തരും, തങ്ങളെ ലോകസിനിമയിലെ ത്രില്ലറുകളിലേക്ക് വിളിച്ചുകൊണ്ടുപോയ സിനിമയാണിതെന്ന് തീർച്ചയായും ചിന്തിക്കുന്നുണ്ടാകും.
Be the first to comment