അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി സ്പെയിനിലേക്ക്

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പുറപ്പെടും. മന്ത്രി നാളെ പുലർച്ചെ സ്പെയിനിലേക്ക് പുറപ്പെടും. സ്പോർട്സ് വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിക്കൊപ്പം ഉണ്ടാകും. മാഡ്രിഡിൽ എത്തുന്ന മന്ത്രി വി അബ്ദുറഹിമാൻ അർജന്റീന ഫുട്ബോൾ പ്രതിനിധികളുമായി ചർച്ച നടത്തും.

നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്.ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു.

2022-ലെ ലോകകപ്പ് വിജയത്തിനു പിന്നാലെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കേരളത്തെയടക്കം പരാമർശിച്ച് നന്ദിയറിയിച്ചിരുന്നു. ഈ വർഷം ആ​ദ്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കായിക മന്ത്രി ഓൺലൈനായി ചർച്ച നടത്തിയിരുന്നു. കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഇ മെയിൽ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ നേരത്തേ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അർജന്റീന ടീമിനെ കേരളത്തിലേക്ക് എത്തിക്കാൻ നീക്കം തുടങ്ങിയത്.

Be the first to comment

Leave a Reply

Your email address will not be published.


*