
മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാന്റെ നിർമാണത്തിന് ശ്രീ ഗോകുലം മൂവീസും. സിനിമയുടെ നിർമാണത്തിൽ നിന്ന് ലൈക്ക പ്രൊഡക്ഷൻസ് പിൻമാറിയതിന്റെ പശ്ചാത്തലത്തിലാണ് ശ്രീ ഗോകുലം മൂവീസ് പങ്കാളിയായതെന്ന് ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. എമ്പുരാൻ നല്ല സിനിമയാണ്. ചിത്രം തടസങ്ങളില്ലാതെ പുറത്തിറങ്ങാനാണ് നിർമാണ പങ്കാളി ആയത്. നേരത്തെ പ്രഖ്യാപിച്ചതുപോലെ മാര്‍ച്ച് 27ന് തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.
ലൈക്കയുമായി നല്ല ബന്ധമാണ്. അവർ പിന്മാറുമ്പോൾ തന്നോട് അഭ്യർത്ഥിച്ചു എന്നും ആന്റണി പെരുമ്പാവൂരും തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രം അഭിപ്രായ വ്യത്യാസങ്ങൾകൊണ്ടോ ആളില്ലാത്തത് കൊണ്ടോ നിന്ന് പോകരുതെന്നുള്ള ആഗ്രഹം ഉള്ളതുകൊണ്ടാണ് താൻ നിർമാണ പങ്കാളിയാകാനായി തീരുമാനിച്ചതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
അതേസമയം, അബ്രാം ഖുറേഷിയായുള്ള മോഹന്‍ലാലിന്റെ രണ്ടാം പകര്‍ന്നാട്ടം കാണാനുള്ള ആകാംഷയിലാണ് ആരാധകര്‍. മലയാളം ഇതുവരെ കാണാത്ത സ്‌കെയിലിലാണ് ചിത്രത്തിന്റെ നിര്‍മാണം. ലൂസിഫറിന്റെ വന്‍ വിജയത്തിന് പിന്നാലെ 2019ല്‍ പ്രഖ്യാപിച്ച എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത് 2023 ഒക്ടോബറിലായിരുന്നു. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിച്ചത്.
Be the first to comment