ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നൽകാൻ ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ കേരളത്തിലെത്തുന്ന ലോകത്തില്‍ എവിടെയും ഉളള സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നതിനു വേണ്ടി ഒരു പ്രത്യേക മൈക്രോസൈറ്റ് രൂപീകരിക്കുവാന്‍ ടൂറിസം വകുപ്പ് തീരുമാനിച്ചിട്ടുണ്ട് എന്നും ടൂറിസം വകുപ്പ് ശ്രീനാരായണഗുരു മൈക്രോസൈറ്റ് തയ്യാറാക്കുന്ന വിവരം ശിവഗിരിയില്‍ വച്ചു തന്നെ അറിയിക്കുവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങള്‍ ഉള്ളടക്കം ചെയ്ത വിവിധ ഭാഷകളില്‍ ഉള്ള മൈക്രോസൈറ്റ് ആണ് ടൂറിസം വകുപ്പ് സജ്ജമാക്കുക. ഗുരുവിനെ കുറിച്ച് അറിയാനും ഗുരുവിന്റെ നവോത്ഥാനപ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനും കഴിയുന്ന ഒന്നായി ശ്രീനാരായണ ഗുരു മൈക്രോസൈറ്റിനെ വികസിപ്പിക്കും. ഗുരുദേവന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങള്‍ , ആശ്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ച് എല്ലാം ഇതിലൂടെ ലോകത്തിന് കൂടുതല്‍ മനസിലാക്കാനാകും. ശിവഗിരി മഠത്തെ കുറിച്ചും തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ സൈറ്റില്‍ ഉള്‍പ്പെടുത്തും. ഒപ്പം ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനും മൈക്രോസൈറ്റ് വഴി സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.”-അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*