ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനം; ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ടു

ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് സര്‍ക്കാര്‍. ഇന്ന് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടാനിരിക്കെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ടുള്ള വാര്‍ത്തയെത്തിയത്. ശ്രീലങ്കന്‍ കായിക മന്ത്രി റോഷന്‍ രണസിംഗെ ആണ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ കടുത്ത നടപടി സ്വീകരിച്ചത്. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ കനത്ത പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു തീരുമാനം.

ശ്രീലങ്കൻ ക്രിക്കറ്റിന് വേണ്ടി കായിക മന്ത്രി റോഷൻ രണസിംഗ ഇടക്കാല സമിതി രൂപീകരിച്ചിട്ടുണ്ട്. മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ കീഴിലുള്ള ഇടക്കാല ഭരണസമിതിക്കാണ് പുതിയ ചുമതല നല്‍കിയത്. 1996ല്‍ ശ്രീലങ്കയ്ക്ക് ആദ്യ ലോകകപ്പ് നേടിക്കൊടുത്ത ടീമിന്റെ ക്യാപ്റ്റനായിരുന്നു രണതുംഗ.

 

ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെക്രട്ടറി മോഹന്‍ ഡി സില്‍വ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നവംബര്‍ രണ്ടിന് നടന്ന ലോകകപ്പ് മത്സരത്തിലാണ് ശ്രീലങ്ക ഇന്ത്യയോട് 302 റണ്‍സിന്റെ കനത്ത പരാജയമേറ്റുവാങ്ങിയത്. ലോകകപ്പ് ചരിത്രത്തില്‍ തന്നെ ശ്രീലങ്ക വഴങ്ങുന്ന ഏറ്റവും വലിയ തോല്‍വിയാണിത്. ഇതിന് പിന്നാലെ ക്രിക്കറ്റ് ബോര്‍ഡ് ഒന്നടങ്കം രാജിവെക്കണമെന്ന് ശ്രീലങ്കന്‍ കായിക മന്ത്രി പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*