മിന്നലായി ഷനക ; ആവേശപ്പോരില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക

കൊളംബോ: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക(Sri Lanka vs Australia). ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും(Dasun Shanaka) ചാമിക കരുണരത്നെയും പുറത്തെടുത്ത അത്ഭുത പ്രകടനമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 176-7, ശ്രീലങ്ക 19.5 ഓവറില്‍ 177-6. ലങ്ക ജയിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്ട്രേലിയ ടി20 പരമ്പര 2-1ന് സ്വന്തമാക്കി.

നാല് വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 59 റണ്‍സായിരുന്നു ശ്രീലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും കരുണരത്നെയും ക്രീസില്‍. കടുത്ത ലങ്കന്‍ ആരാധകര്‍ പോലും തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഷനക പോരാട്ടം ഏറ്റെടുത്തു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്സും രണ്ട് ഫോറും പറത്തി 22 റണ്‍സടിച്ച ഷനക ജെയ് റിച്ചാര്‍ഡ്സന്‍ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തി 18 റണ്‍സടിച്ചു. ഇതോടെ അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സെന്ന ലക്ഷ്യത്തിലെത്തി ലങ്ക.

കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും വൈഡായി. അടുത്ത പന്തില്‍ ഷനക സിംഗിളെടുത്തു. രണ്ടാം പന്ത് ബാറ്റില്‍ കൊണ്ടില്ലെങ്കിലും കരുണരത്നെ ബൈ റണ്ണോടി ഷനകക്ക് സ്ട്രൈക്ക് കൈമാറി. മൂന്നാം പന്തിലും നാലാം പന്തിലും ഷനകയുടെ ബൗണ്ടറി. ലക്ഷ്യം രണ്ട് പന്തില്‍ ഏഴ് റണ്‍സ്. റിച്ചാര്‍ഡ്സണ്‍ എറിഞ്ഞ അഞ്ചാം പന്തില്‍ ഷനകയുടെ നിര്‍ണായക സിക്സ്. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. അവസാന പന്തില്‍ റിച്ചാര്‍ഡ്സണ്‍ വൈഡെറിഞ്ഞതോടെ ലങ്ക അവിശ്വസനീയ ജയത്തിലെത്തി. ഷനക 25 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കരുണരത്നെ 10 പന്തില്‍ 14 റണ്‍സെടുത്തു.

ധനുഷ് ഗുണതിലക(15), പാതും നിസങ്ക(27), ചരിത് അസലങ്ക(26), ഭാനുക രാജപക്സെ(17) എന്നിവരും ലങ്കക്കായി പൊരുതി. ഓസീസിനായി ഹേസല്‍വുഡ് രണ്ടും ആഷ്ടണ്‍ ആഗര്‍ ഒരു വിക്കറ്റുമെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായിഡേവിഡ് വാര്‍ണര്‍(39), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(29), സ്റ്റീവ് സ്മിത്ത്(37), സ്റ്റോയ്നിസ്(38) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ലങ്കക്കായി തീക്ഷണക്ക് രണ്ട് വിക്കറ്റും ഹസരങ്ക, ജയവിക്രമ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*