തിരുവനന്തപുരം : സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. താൻ വെളിപ്പെടുത്തിയതിൽ ഒരു ഗൂഢാലോചനയുമില്ലെന്നും പറഞ്ഞ മുഴുവൻ കാര്യങ്ങളും പൂർണ്ണ ബോധ്യത്തിൽ നിന്നുള്ളതാണെന്നും ശ്രീലേഖ മിത്ര നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
കേസെടുക്കാൻ പരാതി നൽകണമെന്ന സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോടും മിത്ര പ്രതികരിച്ചു. അത്യാവശ്യമെങ്കിൽ നിയമ നടപടിയോട് സഹകരിക്കുമെന്നായിരുന്നു മിത്രയുടെ പ്രതികരണം. അതേ സമയം രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് പല മേഖലയിൽ നിന്നും ഉയർന്നുവരുന്നത്. സിനിമാ മേഖലയിൽ നിന്ന് തന്നെ നിരവധി താരങ്ങളും സംവിധായകരും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു.
സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്കാരിക മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേരത്തെ പരാതി നൽകിയിരുന്നു. രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.
രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര പറഞ്ഞു.
Be the first to comment