വിയോഗത്തിന്റെ നാല്‍പ്പത്തിയൊന്നാം നാള്‍, ജെന്‍സണില്ലാത്ത വീട്ടിലേക്ക് ശ്രുതിയെത്തി

ഉയിരായിരുന്നവന്റെ കൈപിടിക്കാതെ ശ്രുതി ആ വീട്ടിലേക്ക് എത്തി. അവന്‍ ഉറങ്ങുന്നയിടത്ത് അവനായി പ്രാര്‍ത്ഥിച്ചുകൊണ്ട് വീല്‍ചെയറില്‍ ഇരുന്നു. ജെന്‍സന്റെ 41ാം ചരമദിന ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് ശ്രുതി എത്തിയത്. ആണ്ടൂര്‍ സിഎസ്‌ഐ പള്ളിയിലും പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നിരുന്നു. ഇതിലെല്ലാം ശ്രുതിയും പങ്കെടുത്തു. ജെന്‍സണ് ജീവന്‍ നഷ്ടപ്പെട്ട അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു. കാലില്‍ ഒടിവ് സംഭവിച്ച ശ്രുതി ഓപ്പറേഷന്‍ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. പരിക്ക് പൂര്‍ണമായും ബേധമാകാത്ത ശ്രുതിയെ വാഹനത്തില്‍ നിന്ന് എടുത്ത് വീല്‍ചെയറിലേക്കിരുത്തുകയായിരുന്നു. വീല്‍ ചെയറിലിരുന്നാണ് പ്രാര്‍ത്ഥനയിലും പങ്കെടുത്തത്.

മുണ്ടക്കെ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയെല്ലാം നഷ്ടപ്പെട്ട് സങ്കടത്തിന്റെ നിലയില്ലാ കയത്തിലേക്ക് വീണുപോകുമായിരുന്ന ശ്രുതിയെ ചേര്‍ത്തുപിടിച്ചത് ജെന്‍സണായിരുന്നു. എന്നാല്‍ വയനാട് കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ബസും വാനും കൂട്ടിയിടിച്ച അപകടത്തില്‍ ജെന്‍സണെയും ശ്രുതിക്ക് നഷ്ടപ്പെട്ടു. ശ്രുതി അടക്കം 9 പേര്‍ക്കാണ് ഒമ്‌നി വാനും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുള്ള അപകടത്തില്‍ പരുക്കേറ്റത്. ശ്രുതിയുടെ ബന്ധു ലാവണ്യക്കും പരിക്കേറ്റിരുന്നു. ദുരന്തത്തില്‍ ലാവണ്യക്കും മാതാപിതാക്കളെയും സഹോദരനെയും നഷ്ടപ്പെട്ടിരുന്നു. വേദനകളെ ഉള്‍ക്കൊണ്ട് ജീവിതത്തിലേക്ക് ശ്രുതി തിരിച്ചു കയറുമ്പോഴായിരുന്നു ജെന്‍സന്റെ വിയോഗം.

ജെന്‍സണ്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് നേരത്തെ ശ്രുതി വ്യക്തമാക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ ജെന്‍സന്റെ വീട്ടുകാര്‍ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാര്‍ത്ത വന്നിരുന്നുവെന്നും ജെന്‍സന്റെ വീട്ടുകാരും തന്റെ വീട്ടുകാരുമെല്ലാം കൂടെ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രുതി അന്ന് വ്യക്തമാക്കി. ഇന്നേ വരെ ഒരു കുറവും തനിക്ക് വരുത്തിയിട്ടില്ലെന്നും ശ്രുതി  വ്യക്തമാക്കിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*