മാന്നാനം: 2003 – 04ൽ കേരള സ്പോർട്‌സ് കൗൺസിൽ അംഗീകാരത്തോടെയാണ് സെന്റ് എഫ്രേംസ് ബാസ്‌കറ്റ്ബോൾ അക്കാദമി മാന്നാനം സിഎംഐ ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിൽ ആരംഭിച്ചത്. 2012ൽ എല്ലാ സൗകര്യങ്ങളും ഒരുക്കി ബാസ്കറ്റ്ബോൾ കോർട്ട് തയ്യാറായി. കൃത്യതയാർന്ന പരിശീലനത്തോടെ പ്രഗൽഭരെ കണ്ടെത്താൻ അക്കാദമി ശ്രമിച്ചു. ഇന്ന് രാജ്യാന്തര മികവിലുള്ള പ്രതിഭകൾ ഏറെയും മാന്നാനത്തു നിന്നാണ്. പഠനത്തോടൊപ്പം കളിയും എന്ന ആശയമാണ് മാന്നാനം സെന്റ് എഫ്രേംസിലെ കുട്ടികളെ പ്രഗൽഭരാക്കുന്നത്.
രാജ്യാന്തര നിലവാരത്തിൽ സ്പോർട്സ് ഹബ് എന്ന സ്വപ്നവുമായാണ് മാന്നാനം സെന്റ് എഫ്രേംസ് അക്കാദമി നിലകൊള്ളുന്നത്. മികവിന്റെ കേന്ദ്രമാകാൻ സംസ്ഥാന സർക്കാരിന്റെ സഹായം തേടുകയാണ് അക്കാദമി. നിലവിൽ ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് അക്കാദമികൾ പ്രവർത്തിക്കുന്ന ഇവിടുത്തെ സാധ്യതകൾ പരിഗണിച്ച് കൂടുതൽ ആവശ്യങ്ങളാണ് ഉയരുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എത്തിക്കാനുള്ള ശ്രമവും നടക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ മാന്നാനം അക്കാദമിയിലുണ്ട്. ബാസ്കറ്റ്ബോൾ, ക്രിക്കറ്റ് താരങ്ങൾക്ക് താമസിക്കാൻ 60പേരെ ഉൾക്കൊള്ളാവുന്ന ഹോസ്റ്റൽ സൗകര്യം, മൾട്ടി ജിം എന്നിവയും ക്യാമ്പസിലുണ്ട്. ഇവിടെ സിഎംഐ ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ സ്‌കൂൾ, കോളേജ് സൗകര്യങ്ങളുണ്ട്. ഇത് അക്കാദമിയിൽ എത്തുന്ന വിദ്യാർഥികൾക്ക് മികച്ച പഠന സൗകര്യമൊരുക്കുന്നു. കായിക വികസനത്തിനുള്ള സ്ഥലവും ക്യാമ്പസിൽ ലഭ്യമാണ്.
ബാസ്കറ്റ്ബോളിൽ ഇന്ത്യൻ യൂത്ത്, ജൂനിയർ ടീമുകളിൽ അംഗമായ മുഹമ്മദ് സിറാസ്, ഇന്ത്യൻ യൂത്ത് ടീമിൽ അംഗമായ ജെറോം പ്രിൻസ് തുടങ്ങി മുപ്പതോളം താരങ്ങളെ സീനിയർ ടീമുകളിലേക്ക് അക്കാദമി സംഭാവന ചെയ്തു. സർവീസസ്, കസ്റ്റംസ്, കെഎസ്ഇബി, കേരള പൊലീസ് ടീമുകളിലെല്ലാം മാന്നാനം അക്കാദമി താരങ്ങളുണ്ട്. സബ്ജൂനിയർ, ജൂനിയർ, യൂത്ത് വിഭാഗങ്ങളിലും സ്കൂൾ, ഖേലോ ഇന്ത്യ ടീമുകളിലുമായി സംസ്ഥാനതലത്തിൽ 15-20 പേർ സ്ഥിരമായി മാന്നാനത്തുനിന്ന് എത്തുന്നു. 2016ൽ നാഷണൽ യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായപ്പോൾ പരിശീലകനും അഞ്ച് താരങ്ങളും മാന്നാനം അക്കാദമിയിൽ നിന്നായിരുന്നു.
മുൻ സർവീസസ് താരം വി എ പ്രേംകുമാറാണ് പ്രധാന പരിശീലകൻ. സ്പോർട്സ് കൗൺസിൽ പരിശീലകനായി എത്തിയ അദ്ദേഹം വിരമിച്ച ശേഷവും പരിശീലകനായി മാന്നാനം അക്കാദമി നിലനിർത്തുകയാണ്. അജി തോമസാണ് മറ്റൊരു പരിശീലകൻ. ഫാ. കുര്യൻ ചാലങ്ങാടി(മാനേജർ), ഫാ. ജെയിംസ് മുല്ലശ്ശേരി(കോർപ്പറേറ്റ് മാനേജർ), ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ (ഡയറക്ടർ സ്പോർട്സ് അക്കാദമി), ഡിമൽ സി മാത്യു (സ്പോർട്സ് കൌൺസിൽ കോച്ച്) എന്നിവരാണ് നേതൃത്വം നൽകുന്നത്.
Be the first to comment