പ്രേമലു’വിനെയും ‘മഞ്ഞുമ്മല്‍ ബോയ്സി’നെയും കടത്തിവെട്ടി ‘ഗുരുവായൂരമ്പല നടയില്‍

സമീപകാലത്ത് മികച്ച പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു ‘ഗുരുവായൂരമ്പല നടയില്‍’. വന്‍ ജനപ്രീതി നേടിയ ജയ ജയ ജയ ജയ ഹേയുടെ സംവിധായകന്‍ വിപിൻ ദാസ് വീണ്ടും ബേസിൽ ജോസഫിനെയും ഒപ്പം പൃഥ്വിരാജിനെയും പ്രധാന കഥാപാത്രമായൊരുക്കിയുള്ള ആദ്യ ദിനം തന്നെ പോസിറ്റീവ് അഭിപ്രായം നേടാനായതോടെ ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്.’ഗുരുവായൂരമ്പല നടയില്‍’ നാല് ദിവസം കൊണ്ട് 45 കോടിയിലധികം രൂപയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. 15.55 കോടിയാണ് മൂന്ന് ദിവസത്തെ ഓവർസീസ്‍ കളക്ഷൻ. നാലാം ദിവസം മാത്രം ചിത്രം കേരളത്തിൽനിന്ന് ആറ് കോടിയിലധികം രൂപ നേടിയതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. 

സിനിമയ്ക്കു ലഭിക്കുന്ന മികച്ച പ്രതികരണം തുടരുകയാണെങ്കിൽ ഗുരുവായൂരമ്പല നടയിൽ 50 കോടി ക്ലബ്ബിലേക്ക് ഉടൻ കടക്കും. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നീ ചിത്രങ്ങളുടെ ആദ്യ രണ്ട് ദിവസ കളക്ഷനെക്കാൾ 150 ശതമാനം കൂടുതൽ കളക്ഷനാണ് ‘ഗുരുവായൂരമ്പല നടയില്‍’ കരസ്ഥമാക്കിയത്. കൂടാതെ ഓവർസീസ് കളക്ഷനിൽ ആടുജീവിതം സിനിമയേക്കാൾ മുന്നേറ്റവും ഈ ചിത്രം നേടിയിട്ടുണ്ട്. വ്യാഴാഴ്ച റിലീസ് ചെയ്ത ചിത്രം വാരാന്ത്യത്തില്‍ ഓരോ ദിവസവും കളക്ഷനില്‍ മുന്നേറ്റം നടത്തിയിരുന്നു. ഇപ്പോഴിതാ ചിത്രം മറ്റൊരു റെക്കോര്‍ഡ് കൂടി നേടിയിരിക്കുകയാണ്.

മലയാളത്തില്‍ ഈ വര്‍ഷം ഒരു ദിവസം ഏറ്റവുമധികം ഹൗസ്‍ഫുള്‍ ഷോകള്‍ നേടിയ ചിത്രമായി മാറിയിരിക്കുകയാണ് ഗുരുവായൂരമ്പല നടയില്‍. ഞായറാഴ്ച മാത്രം ചിത്രത്തിന് 720 ല്‍ ഏറെ ഹൗസ്‍ഫുള്‍ ഷോകളാണ് ലഭിച്ചത്. കൂടാതെ ഇതുവരെ 20 ലക്ഷത്തിനധികം ആളുകൾ കണ്ട സിനിമ കൂടിയാണ് ഗുരുവായൂരമ്പല നടയില്‍. കോമഡി – എന്റര്‍ടെയ്നര്‍ വിഭാഗത്തിലുള്ള ചിത്രത്തിൽ നിഖില വിമല്‍, അനശ്വര രാജന്‍, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെ യു, ബൈജു, രമേശ് കോട്ടയം, അജു വർഗീസ്, അരവിന്ദ് ആകാശ്, ജോയ്മോൻ, അഖിൽ കാവാലിയൂർ, അശ്വിൻ വിജയൻ തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം. 

കുഞ്ഞിരാമായണത്തിനുശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ഗുരുവായൂരമ്പലനടയിൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*