ലൈംഗിക ആരോപണത്തില്‍ നിലംപൊത്തുന്ന ‘നക്ഷത്രങ്ങള്‍’; ഇനിയും ?

ആരാധകരെ ഹരം കൊള്ളിക്കുന്ന ആക്ഷനും സംഭാഷണങ്ങളുമായി വെള്ളിത്തരയില്‍ വാണ താരരാജാക്കന്‍മാര്‍ക്ക് തങ്ങളിന്നോളം കെട്ടിയാടിയ വേഷങ്ങള്‍ മതിയാകാതെ വരും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളെ പ്രതിരോധിക്കാന്‍. സ്ത്ഗുണ സമ്പന്നരായും രക്ഷകരായും വെള്ളിത്തിരയില്‍ നിറഞ്ഞാടിയ നടന്‍മാരുടെയും സിനിമ പ്രവര്‍ത്തരുടെയും പ്രവര്‍ത്തികളില്‍ നാണിച്ചു തല താഴ്ത്തുകയാണ് കേരളം.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് ഹേമയെ അധ്യക്ഷയാക്കി കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയ 51 പേരുടെ വെളിപ്പെടുത്തലുകളിലൂടെയാണ് മലയാള സിനിമയിലെ ബിംബങ്ങള്‍ വീണുടയുന്ന നിലയിലേക്കുള്ള വെളിപ്പെടുത്തലുകളേക്ക് നയിച്ചത്.

ദിലീപിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴും കേസില്‍ അറസ്റ്റിലായപ്പോഴും ശക്തമായി പിന്തുണയ്ച്ച രണ്ട് പേരാണ് നടന്‍ സിദ്ധിഖും സംവിധായകന്‍ രഞ്ജിത്തും. രണ്ട് പേരും ഇപ്പോള്‍ സമാനമായ ആരോപണങ്ങള്‍ നേരിടുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് വാര്‍ത്താ സമ്മേളനം നടത്തിയ വ്യക്തിയാണ് സിദ്ധിഖ്.

2018 നിന്നും ആറ് വര്‍ഷം പിന്നിടുമ്പോള്‍ അന്ന് ധിക്കാരികള്‍ എന്ന് മുദ്രകുത്തി തള്ളപ്പെട്ട വനിതകള്‍ തുടങ്ങി വച്ച പോരാട്ടത്തിന്റെ ഫലമെന്നോണം യുവ നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ നടന്‍ സിദ്ധിഖിന് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ച് ഒഴിയേണ്ടി വന്നിരിക്കുകയാണ്.

ബംഗാളി നടിയോട് മോശമായി പെരുമാറി എന്ന ആരോപണത്തില്‍ സംവിധാനയകന്‍ രഞ്ജിത്തും‌ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്.

ആരോപണങ്ങളെയും വിമര്‍ശനങ്ങളെയും എക്കാലവും മാസ് ഡയലോഗ് ഉയര്‍ത്തിയും സിനിമാ സ്‌റ്റൈല്‍ മാനറിസങ്ങളിലൂടെയും മറികടക്കാമെന്ന ധാരണയില്‍ പൊതുമധ്യത്തില്‍ നിറഞ്ഞിരുന്നവരാണ് ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത്. സ്വാധീന ശക്തികൊണ്ടും സമ്മര്‍ദം ചെലുത്തിയും ഇരകളെ അപമാനിച്ചും നിശബ്ദരാക്കിയും എക്കാലവും മുന്നോട്ട് പോകാന്‍ ആര്‍ക്കും കഴിയിലെന്ന് തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സംഭവങ്ങള്‍.

Be the first to comment

Leave a Reply

Your email address will not be published.


*