ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

കാസർഗോഡ് : ഹണിട്രാപ്പ് കേസ് പ്രതി ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും ഉപയോഗിച്ചെന്ന വാർത്തയെ തുടർന്നാണ് നടപടി. കാസറഗോഡ് ജില്ലാ പോലീസ് മേധാവിയോടും, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ശ്രുതിയുടെ തട്ടിപ്പ് വിവരങ്ങൾ അന്വേഷിച്ച ബന്ധുവിനെയും, പോലീസ് ഉദ്യോഗസ്ഥനെയും പോക്സോ കേസിൽ കുടുക്കിയിരുന്നു. ശ്രുതി ചന്ദ്രശേഖരൻ വിരിച്ച വലയിൽ കുടുങ്ങിയ പോലീസുകാരനെതിരെ ആദ്യം സ്ത്രീ പീഡനത്തിനാണ് യുവതി പരാതി നൽകിയത്.

ജയിലിലായ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും സസ്‌പെന്റ് ചെയ്തു. പിന്നാലെ ജാമ്യത്തിലിറങ്ങി ശ്രുതി ചന്ദ്രശേഖരനെ കുറിച്ച് അന്വേഷണം നടത്തി. തട്ടിപ്പ് വിവരങ്ങൾ പുറത്താവുമെന്ന് മനസിലായതോടെ യുവതി ഈ ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ് നൽകുകയായിരുന്നു.

2023 ൽ നൽകിയ കേസിപ്പോൾ മംഗളൂരുവിൽ നടക്കുകയാണ്. ശ്രുതിയുടെ തട്ടിപ്പ് മനസിലായി ഇത് ചോദ്യം ചെയ്ത ഭർത്താവിന്റെ ബന്ധുവായ അറുപതുകാരനെയും യുവതി പോക്സോ കേസിൽ കുടുക്കി. പിന്നീട് ഹൈക്കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചു. തട്ടിപ്പ് പുറത്താവുമെന്ന് മനസ്സിലാവുമ്പോഴാണ് ശ്രുതി ചന്ദ്രശേഖരൻ മക്കളെ ദുരുപയോഗം ചെയ്യുന്നത് എന്നാണ് വിവരം. കുട്ടികൾക്കുള്ള വിദ്യാഭ്യാസം യുവതി നിഷേധിക്കുന്നതായും പരാതിയുണ്ട്.

കാസർഗോഡ് നഗരത്തിലെ സ്കൂളിൽ ഈ അധ്യയന വർഷം രണ്ട് കുട്ടികൾക്കും അഡ്മിഷൻ എടുത്തെങ്കിലും ആകെ മൂന്ന് ദിവസമാണ് ഇവർ ക്ലാസിലെത്തിയത്. ഇക്കാര്യം അന്വേഷിക്കുമ്പോൾ കൃത്യമായ മറുപടി ഇല്ലെന്ന് അധ്യാപകരും ചൂണ്ടിക്കാട്ടുന്നു. കോട്ടയത്തും സമാന തട്ടിപ്പ് നടത്തിയ ശ്രുതി ചന്ദ്രശേഖരൻ നിലവിൽ ഒളിവിലാണ്.

Be the first to comment

Leave a Reply

Your email address will not be published.


*