കണക്ക് ബോധിപ്പിച്ച് സര്‍ക്കാര്‍; ദുരന്ത പ്രതികരണനിധിയില്‍ ഉള്ളത് 700 കോടി; വയനാട്ടില്‍ ചെലവിട്ടത് 21 കോടി; കൂടുതല്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മുലം നല്‍കി. കണക്കില്‍ കൂടുതല്‍ കൂടുതല്‍ വ്യക്തതവേണമെന്ന്, ഇതിനോടു പ്രതികരിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുക സംബന്ധിച്ച് കൃത്യമായ കണക്ക് നല്‍കാനും സംസ്ഥാന ദുരന്ത പ്രതികരണനിധിയില്‍ എത്ര തുക ബാക്കിയുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ കണക്ക് വ്യാഴാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ ജസ്റ്റിസുമാരായ എകെ ജയശങ്കരന്‍ നമ്പ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരുടെ ബെഞ്ച് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കിയത്.

വയനാട് ദുരന്തത്തിന് പിന്നാലെ ദുരന്ത പ്രതികരണനിധിയില്‍ നിന്ന് നല്‍കിയത് 21 കോടി രൂപയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ പത്തിന് ഫണ്ടില്‍ ബാക്കിയുള്ളത് 700 കോടി രൂപയാണ്. ഇതില്‍ 638. 95 കോടി വിവിധ ആവശ്യങ്ങള്‍ക്കായി ഉത്തരവ് അനുസരിച്ച് നല്‍കാനുണ്ട്. പിന്നെ ഫണ്ടില്‍ ബാക്കിയുള്ളത് 61.53 കോടി രുപയാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി

ഓഗസ്റ്റ് പതിനേഴുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ എത്ര തുക ചെലവഴിച്ചുവെന്ന് കോടതി ചോദിച്ചു. കണക്കുകളില്‍ കുടുതല്‍ വ്യക്തതവേണമെന്നും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ സഹായം ആവശ്യപ്പെടണമെങ്കില്‍ കണക്കുകളില്‍ വ്യക്തത വരുത്തണം. ഇതിനായി കേന്ദ്രത്തിനുകൂടി വിശ്വാസയോഗ്യമായ ഏജന്‍സിയെ നിയോഗിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. കയ്യിലെ തുക ഭാവിനോക്കി ചെലവാക്കാനാകില്ലെന്ന് പറഞ്ഞാല്‍ ആരും പണം തരില്ലെന്ന വിമര്‍ശനവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*