
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണ്ണയ വിവാദത്തിൽ സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് ഇന്ന് പരാതി നൽകും. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്നാവിശ്യപ്പെട്ടാണ് പരാതി. അവാർഡ് നിർണ്ണയത്തിൽ രഞ്ജിത്ത് ഇടപെട്ടുവെന്ന് ജൂറി അംഗം നേമം പുഷ്പരാജ് കഴിഞ്ഞ ദിവസം വെളിപ്പിടുത്തിയതിന് പിന്നാലെയാണ് വിനയന്റെ നീക്കം.
വിനയന്റെ സംവിധാനത്തിലൊരുങ്ങിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്കാര നിർണയത്തിൽ നിന്ന് തടയാൻ രഞ്ജിത്ത് ഇടപെട്ടിരുന്നു എന്നാരോപിച്ചാണ് വിനയൻ ആദ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചത്. രഞ്ജിത്ത് ഈ വിഷയത്തിൽ പ്രതികരിച്ചില്ലെങ്കിൽ തെളിവ് പുറത്തുവിടുമെന്നും വിനയൻ പറഞ്ഞിരുന്നു.
എന്നാൽ പ്രതികരിക്കാൻ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് തയ്യാറായിരുന്നില്ല. തുടർന്ന് നേമം പുഷ്പരാജിന്റെ ശബ്ദരേഖ വിനയൻ പുറത്തുവിടുകയായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്തിന് അർഹതയില്ലെന്നും അവാർഡ് നിർണയത്തിൽ അനധികൃതമായി ഇടപെട്ടിട്ടുണ്ടെന്നുമാണ് പുറത്തുവിട്ട ശബ്ദരേഖയിൽ ഉണ്ടായിരുന്നത്.
പത്തൊമ്പതാം നൂറ്റാണ്ട് സിനിമയ്ക്ക് മൂന്ന് വിഭാഗങ്ങളിലായാണ് പുരസ്കാരം ലഭിച്ചത്. എന്നാൽ സിനിമയ്ക്ക് പുരസ്കാരം നൽകാൻ തീരുമാനിച്ച സമയത്തും രഞ്ജിത്ത് ഇടപെടാൻ ശ്രമിച്ചുവെന്ന ആരോപണമുയർന്നിരുന്നു. ചിത്രത്തിന് പുരസ്കാരം നൽകരുതെന്ന് ജൂറി അംഗങ്ങളോട് രഞ്ജിത്ത് നേരിട്ട് ആവശ്യപ്പെട്ടിരുന്നതായി വിനയൻ പറഞ്ഞു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഈ വിഷയത്തിൽ പ്രതികരിക്കണമെന്നും വിനയൻ ആവശ്യപ്പെട്ടു.
Be the first to comment